രേണുക വേണു|
Last Modified ശനി, 17 ജനുവരി 2026 (12:47 IST)
Rahul Mamkoottathil, Sexual assault case, Crime, Congress
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. വിഷയത്തിൽ രാഹുൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് സാധ്യത. പ്രോസിക്യൂഷൻറെ ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. രണ്ട് മണിക്കൂർ നീണ്ട വാദ പ്രതിവാദത്തിന് പിന്നാലെയായിരുന്നു വിധി പ്രസ്താവം. അതിജീവിതയുടെ വിവരങ്ങൾ പുറത്താകാതിരിക്കാനാണ് അടച്ചിട്ട കോടതിമുറിയിൽ വാദം കേട്ടത്.
എന്നാൽ രാഹുലിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാറിന്റെ വാദം. ഇരുവരും തമ്മിൽ നടന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും അഭിഭാഷകൻ വാദിച്ചു. മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ സമാന കേസിൽ പ്രതിക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതാണെന്നും നിയമസഭാംഗമാണെന്നും പ്രതിഭാഗം വാദിച്ചു.
മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയിൽ ഉയർത്തിയത്.