രേണുക വേണു|
Last Modified ഞായര്‍, 18 ജനുവരി 2026 (14:38 IST)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സമുദായങ്ങളെ ഇത്രയധികം ആക്ഷേപിച്ച മറ്റൊരു നേതാവില്ലെന്നും വർഗീയതയെക്കുറിച്ച് സംസാരിക്കാൻ സതീശന് എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
'തിണ്ണ നിരങ്ങില്ലെന്ന്' പറഞ്ഞ സതീശൻ, സഭാ സിനഡ് യോഗത്തിൽ പങ്കെടുത്തത് എന്തിനായിരുന്നു.ക്നാനായ സഭയുടെ തിരുമേനിയെ കാണാൻ പോയതെന്തിനാണ്? സതീശൻ പറയുന്നതല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നിൽക്കണ്ടേ'യെന്നും സുകുമാരൻ നായർ വിമർശിച്ചു. സതീശിനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. ഇങ്ങനെ മുന്നോട്ട് പോയാൽ കോൺഗ്രസിന് അടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. സതീശനാണ്
ശത്രുക്കളെയെല്ലാം ഉണ്ടാക്കുന്നത്. എല്ലാ സമുദായങ്ങളേയും ആക്ഷേപിച്ചത് സതീശൻ മാത്രമാണ്. ചെന്നിത്തലയ്ക്കുള്ള യോഗ്യത കോൺഗ്രസിൽ ആർക്കുണ്ടെന്നും സുകുമാരൻ നായർ ചോദിച്ചു.
അതേസമയം, എൻഎസ്എസ്– എസ്എൻഡിപി ഐക്യം കാലഘട്ടത്തിൻറെ ആവശ്യമെന്ന വെള്ളാപ്പള്ളി നടേശൻറെ നിലപാടും അദ്ദേഹം ആവർത്തിച്ചു. ഐക്യം വെള്ളാപ്പള്ളി ആഗ്രഹിച്ചിരുന്നു. ആ നിലപാട് ശരിയാണെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.