സതീശൻ സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം; ആറ് മാസം കൊണ്ട് അഴിമതി ഭരണം പൊടിപൊടിക്കുന്നു !
യുഡിഎഫ് സർക്കാരിന്റെ രണ്ട് വൈദ്യുതി കരാറിലും നടന്ന അഴിമതിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വി.ഇ.എച്ച് ഗ്ലോബൽ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചലിൽ നിന്ന് 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്.
കാറ്റാടിയിൽ നിന്നുള്ള വൈദ്യുതിയാണ് വി.ഇ.എച്ച് ഗ്ലോബൽ ഇന്ത്യയിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങിയത്. കാറ്റാടിയിൽ നിന്നുള്ള വൈദ്യുതി ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. എന്നാൽ ഇരട്ടിയിലധികം തുക നൽകിയാണ് വി.ഇ.എച്ചിൽ നിന്ന് വൈദ്യുതി വാങ്ങിയത്. ഹിമാചലിൽ നിന്നുള്ള വൈദ്യുതിയാവട്ടെ എനർജി എക്‌സ്‌ചേഞ്ചിലെ നിരക്കിനേക്കാൾ ഏറ്റവും കൂടിയ നിരക്കാണ് താനും. ഒക്ടോബർ മാസം കെ.എസ്.ഇ.ബി 282 കോടി രൂപയുടെ വൈദ്യുതിയാണ് കരാർ പ്രകാരം വാങ്ങിയത്. യു.ഡി.എഫ് സർക്കാരിനെ പലപ്പോഴും ന്യായീകരിക്കുന്ന മാധ്യമങ്ങൾപോലും ഈ രണ്ട് കരാറുകളും സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ട് ചെയ്തത്.
ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ നിയമ-ധന വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെ ഫയലിന്മേൽ അതിവേഗം മുഖ്യമന്ത്രി നേരിട്ടാണ് ഉത്തരവ് നൽകുന്നത്. വിവിധ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശംവച്ചത് അഴിമതി നടത്താനാണെന്ന് നേരത്തെ സംശയം ഉയർന്നുവന്നിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഎം ആരോപിച്ചു.
സർക്കാർ അധികാരത്തിലെത്തിയിട്ട് ആറുമാസം തികയുന്നതിന് മുമ്പുതന്നെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉയർന്നുവന്നിരിക്കുന്നത്. ജി.എൻ.എ കമ്പനിയുമായി കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും പിന്നെ എന്ത് അഴിമതി എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ ഒക്ടോബറിലെ രണ്ട് വൈദ്യുതി കരാറുകൾ പ്രകാരം വൈദ്യുതി കൂടിയവിലക്ക് വാങ്ങാൻ നേതൃത്വം നൽകിയത് മുഖ്യമന്ത്രിയാണ്. സമഗ്രമായ ജുഡീഷ്യൽ അന്വേഷണത്തിലൂടെ സത്യം ജനങ്ങളെ അറിയിക്കുകയും കുറ്റക്കാരുടെ പേരിൽ നടപടി സ്വീകരിക്കുകയും വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
