സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് മൂന്നാം ദിവസം; യുഡിഎഫിൽ അടി തുടരുന്നു, വകുപ്പ് വിഭജനം പൂർത്തിയായില്ല
ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിനു വിട്ടുനൽകാൻ സമ്മതിച്ച മുസ്ലിം ലീഗ് ഫിഷറീസ് വകുപ്പാണ് പകരം ചോദിക്കുന്നത്
മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിട്ട് മൂന്നാം ദിവസത്തിലേക്ക് എത്തി, ഇപ്പോഴും മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായിട്ടില്ല. വകുപ്പ് വിഭജനം യുഡിഎഫിൽ വലിയ തലവേദനയായി തുടരുന്നു. കോൺഗ്രസും ലീഗും തമ്മിൽ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് പ്രതിസന്ധി രൂക്ഷമാണ്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിനു വിട്ടുനൽകാൻ സമ്മതിച്ച മുസ്ലിം ലീഗ് ഫിഷറീസ് വകുപ്പാണ് പകരം ചോദിക്കുന്നത്. ഇത് വിട്ടുനൽകാൻ കോൺഗ്രസ് തയ്യാറല്ല. പകരം വേറെ ഏതെങ്കിലും വകുപ്പുകൾ തരാമെന്നാണ് കോൺഗ്രസ് നിലപാട്. ഉന്നത വിദ്യാഭ്യാസം നൽകണമെങ്കിൽ ഫിഷറീസ് തന്നെ കിട്ടണമെന്ന പിടിവാശി ലീഗ് തുടരുന്നു.
ഫിഷറീസ് ലീഗിന് വിട്ട് കൊടുക്കരുതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിനു വിട്ടുകൊടുക്കരുതെന്ന് ലത്തീൻ സഭയും ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന് നൽകാനാണ് കോൺഗ്രസിൽ ധാരണയായിരുന്നത്. എന്നാൽ ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ്.
അതോടൊപ്പം കോൺഗ്രസിനുള്ളിൽ ചില മന്ത്രിമാർക്കു വകുപ്പുകളിൽ അതൃപ്തിയുണ്ട്. കൃഷിവകുപ്പ് തനിക്ക് വേണ്ടെന്ന നിലപാടിലാണ് ടി.സിദ്ദിഖ്. ആരോഗ്യം വേണമെന്ന പിടിവാശിയിൽ കെ.മുരളീധരനും തുടരുന്നു.