പത്ത് വർഷത്തെ ഭരണപരിചയം, വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം; പ്രതിപക്ഷ നേതാവ് പിണറായി തന്നെ
"ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ മാറിനിൽക്കാൻ സാധിക്കില്ല,"
പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടിയെയും മുന്നണിയെയും തിരിച്ചുകൊണ്ടുവരാൻ താൻ സന്നദ്ധനെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇന്നും നാളെയും ചേരുന്ന സിപിഎം സംസ്ഥാന സമിതിയിൽ അന്തിമ തീരുമാനമാകും. പത്ത് വർഷത്തെ ഭരണപരിചയം, വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം എന്നിവയാണ് പിണറായി പ്രതിപക്ഷ നേതാവ് ആകണം എന്ന നിലപാടിലേക്ക് ഇടത് മുന്നണിയെ എത്തിച്ചത്.
ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ മാറിനിൽക്കാൻ സാധിക്കില്ല. പാർട്ടി മോശം സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കാൻ സന്നദ്ധനാണ്. പ്രതിപക്ഷത്തെ ആത്മവിശ്വാസത്തോടെ നയിക്കാൻ തയ്യാറാണെന്നാണ് പിണറായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.
സിപിഎം പൊളിറ്റ് ബ്യൂറോ നാളെ നടക്കും. പൊളിറ്റ് ബ്യൂറോയിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്ന് പിണറായി അറിയിക്കും. സിപിഐയ്ക്കും പിണറായി പ്രതിപക്ഷ നേതാവാകുന്നതിൽ എതിർപ്പില്ല. വിജയത്തിന്റെ മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറെന്നാണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.