കെസിയാണ് മുഖ്യമന്ത്രിയെങ്കിൽ കേരളം മാപ്പ് തരില്ല, രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ, വയനാട്ടിൽ അമേഠി ആവർത്തിക്കുമെന്ന് മുന്നറിയിപ്പ്
കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാന്‍ഡിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്ററുകള്‍.
കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാന്‍ഡിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്ററുകള്‍. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുകയാണെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്ന മുന്നറിയിപ്പാണ് പോസ്റ്ററുകളിലുള്ളത്. കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ പെട്ടിയെടുപ്പുകാരന്‍ മാത്രമാണെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.
കെസിയെ പിന്തുണയ്ക്കാനാണ് തീരുമാനമാണെങ്കില്‍ രാഹുലും പ്രിയങ്കയും വയനാട് മറന്നേക്കുമെന്നും കേരളം മാപ്പ് നല്‍കില്ലെന്നും പോസ്റ്ററുകള്‍ പറയുന്നു.കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തെരുവുകളിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. അതേസമയം പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയില്‍ ഇന്നലെ നടന്ന നിര്‍ണായക ചര്‍ച്ചയില്‍ കേരളത്തിലെ ഭൂരിപക്ഷം നേതാക്കളും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണ്. കെ സിയെ തന്നെയാകും മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുക എന്നാണ് സൂചന. തനിക്ക് മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുന്‍വിധികളില്ല എന്നതാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നത്. സംഘടനയ്ക്ക് നിരക്കാത്ത പ്രവണതകള്‍ കേരളത്തിലുണ്ടായതായാണ് രാഹുലിന്റെ നിരീക്ഷണം.