Onam kerala Weather Updates: ഇത്തവണ ഓണം മഴയത്ത്? സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടേക്കും
Onam Kerala Weather Updates: സംസ്ഥാനത്ത് ഓണനാളുകളിൽ മഴയ്ക്ക് സാധ്യത. ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം കാലവർഷം ശക്തിപ്പെട്ടേക്കും.
ഞായറാഴ്ച മുതൽ മഴ
സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ ശക്തിപ്പെടും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓഗസ്റ്റ് 23 ഞായറാഴ്ച യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ 24 തിങ്കളാഴ്ച യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തീവ്ര ന്യൂനമർദ്ദം
വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ് മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദ മേഖല. കേരളത്തിൽ ഓഗസ്റ്റ് 23 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കേരളത്തിലെ എല്ലാ തീരപ്രദേശങ്ങളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.
കേരള തീരത്ത് ഇന്ന് 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
മത്സ്യബന്ധനത്തിന് വിലക്ക്
കേരളം - ലക്ഷദ്വീപ് - പുതുച്ചേരി - തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഇന്ന് 20/08/2026 കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.