110 സീറ്റുകൾ നേടി മൂന്നാമതും ഭരിക്കും, അഞ്ച് ആളുകൾ പോയാൽ പ്രശ്നമല്ല: എം വി ഗോവിന്ദൻ
നവകേരളത്തിന്റെ വികസനപ്രവര്‍ത്തനത്തിന് യുഡിഎഫ് പങ്കാളിത്തമില്ലാത്തത് ചോദ്യം ചെയ്യുന്നതാകും ജനവിധിയെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണി മൂന്നാം തവണയും കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 110 സീറ്റുകളാണ് ഇത്തവണ എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും രാവും പകലുമില്ലാതെ നുണപറയുന്ന വി ഡി സതീശന്‍ ഒരു മറുപടിയും അര്‍ഹിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നവകേരളത്തിന്റെ വികസനപ്രവര്‍ത്തനത്തിന് യുഡിഎഫ് പങ്കാളിത്തമില്ലാത്തത് ചോദ്യം ചെയ്യുന്നതാകും ജനവിധിയെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം ടേമിലേക്ക് ഇടതുമുന്നണി നീങ്ങാന്‍ പോകുന്ന ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നത്. എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും പൂര്‍ണമായും തള്ളിപറഞ്ഞവരാണ് യുഡിഎഫ്. ഇത് തന്നെയാകും അവര്‍ക്ക് തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയാവുക. കേരളത്തിന്റെ മുന്നേറ്റത്തില്‍ ഒരു പങ്കുവഹിക്കാനും അവര്‍ക്കായിട്ടില്ല. ബിജെപിയും യുഡിഎഫും അഭിമുഖീകരിക്കുന്ന തിരിച്ചടി അതായിരിക്കും.
യുഡിഎഫ് ഉള്‍പ്പടെയുള്ള കക്ഷികള്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയുമായി മുന്നോട്ട് പോവുകയും എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞുനില്‍ക്കുകയുമാണ്. ഇത് രണ്ടിനുമെതിരെയാകും കേരളത്തില്‍ ജനവിധിയുണ്ടാവുക. എല്‍ഡിഎഫില്‍ അഞ്ചരലക്ഷം പാര്‍ട്ടി മെമ്പര്‍മാരുണ്ട്, രണ്ടര ലക്ഷം കാന്‍ഡിഡേറ്റ് മെമ്പര്‍മാരുണ്ട്. അതില്‍ അഞ്ചോ ആറോ ആളുകള്‍ പോയാല്‍ ഒരു പ്രശ്‌നവുമില്ല. തിരുത്തല്‍ പക്രിയയില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തതുകൊണ്ടാണ് അവരെ പുറത്താക്കിയത്. കോണ്‍ഗ്രസില്‍ അങ്ങനെയാണോ?, എല്ലാവരും പോയില്ലെ, നുണപറയലില്‍ നോബല്‍ പ്രൈസിനായി ശ്രമിക്കുന്ന സതീശന്റെ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കാത്തതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.