ആദ്യ അഭിവാദ്യം പിണറായി വിജയന്; ശ്രദ്ധ നേടി സിപിഎം വിമത എംഎൽഎമാരുടെ സത്യപ്രതിജ്ഞ
ഫിഷറീസ് മന്ത്രിയായ വി.ഇ.അബ്ദുൾ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്
G Sudhakaran and Pinarayi Vijayan
16-ാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാമാജികർ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒൻപതിനു തുടങ്ങിയ സത്യപ്രതിജ്ഞ ഉച്ചയോടെ അവസാനിച്ചു. അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ഫിഷറീസ് മന്ത്രിയായ വി.ഇ.അബ്ദുൾ ഗഫൂർ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി പാറക്കൽ അബ്ദുള്ള. കെ.എം.അഭിജിത്ത് മൂന്നാമത്ത് സത്യപ്രതിജ്ഞ ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളിയാണ് ഏറ്റവും അവസാനം സത്യപ്രതിജ്ഞ ചെയ്ത എംഎൽഎ.
സിപിഎമ്മിൽ നിന്ന് വിമതരായി യുഡിഎഫിനു വേണ്ടി മത്സരിച്ചു ജയിച്ച എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധ നേടി. തളിപ്പറമ്പിൽ നിന്ന് മത്സരിച്ചു ജയിച്ച ടി.വി.ഗോവിന്ദൻ മാസ്റ്റർ, പയ്യന്നൂരിൽ നിന്ന് ജയിച്ച വി.കുഞ്ഞികൃഷ്ണൻ എന്നിവർ മുൻ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റി ബ്യൂറോ അംഗവുമായ പിണറായി വിജയനു അരികിൽ വന്ന് അഭിവാദ്യം ചെയ്തു. പിണറായി തിരിച്ചും അവരെ അഭിവാദ്യം ചെയ്തു. പ്രോ ടേം സ്പീക്കർ ആയ ജി.സുധാകരനും പിണറായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോൾ എഴുന്നേറ്റ് വന്ന് അഭിവാദ്യം ചെയ്തതും കൗതുകമായി.