1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Life Mission UDF

അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശം; ലൈഫ് മിഷൻ പിരിച്ചുവിട്ട തീരുമാനത്തിനെതിരെ സിപിഎം

ഇത്തരം വീടുകളിൽ ചാപ്പകുത്തണമെന്ന കേന്ദ്ര നിർദേശത്തെയും തള്ളിയാണ് കേരളം ഈ അഭിമാനനേട്ടം കൈവരിച്ചത്

Pinarayi Vijayan
ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്. അഞ്ച് ലക്ഷത്തിലേറെ വീടുകൾ യഥാർത്ഥ്യമാക്കിയ മാതൃകാ പദ്ധതിയാണ് ലൈഫ് മിഷൻ. ഒരു ലക്ഷത്തിലേറെ വിടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ഇതോടൊപ്പം മുൻഗണന ക്രമത്തിൽ അടുത്ത ഘട്ടത്തിൽ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളുണ്ട്. ഇവർക്ക് പുറമെ ഭൂമിയില്ലാത്ത കുടുംബങ്ങളുമുണ്ട്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകർക്കുന്ന നടപടിയാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതവും, ജനവിരുദ്ധവുമായ ഈ നടപടിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം കേരളത്തിൽ ഉയർന്നുവരും.
 
അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്. അതുറപ്പാൻ ഇച്ഛാശക്തിയോടെ ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമാണ്, 20 ലക്ഷത്തിലധികം പേർ സ്വന്തം വീടെന്ന അഭിമാന ബോധത്തോടെ ഇന്ന് ജീവിക്കുന്നത്. ഇത്തരം വീടുകളിൽ ചാപ്പകുത്തണമെന്ന കേന്ദ്ര നിർദേശത്തെയും തള്ളിയാണ് കേരളം ഈ അഭിമാനനേട്ടം കൈവരിച്ചത്. ബ്രാൻഡിംഗ് ഉൾപ്പെടെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് ലൈഫ് മിഷനെ അട്ടിമറിക്കാൻ ബി.ജെ.പിയും, കേന്ദ്ര സർക്കാരുമാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. അതിന്റെ തുടർച്ചയായി പദ്ധതി തന്നെ ഇല്ലാതാക്കാനാണ് യു.ഡി.എഫ് ഇപ്പോൾ ശ്രമിക്കുന്നത്.
 
നിശ്ചിതമായ മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷ ക്ഷണിച്ച്, ദുർബല ജനവിഭാഗങ്ങൾക്കുൾപ്പെടെ പ്രത്യേക പരിഗണന നൽകി, ഗ്രാമസഭകളും പഞ്ചായത്തുകളും ചർച്ച ചെയ്താണ് ലൈഫ് ഗുണഭോക്താക്കളെയും മുൻഗണന ക്രമവും അന്തിമമാക്കിയത്. ഇത് അനുസരിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ വീടുകൾ അനുവദിക്കുന്നത്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് ഈ പ്രക്രിയ. 2017-ലെ അപേക്ഷകരിൽ ഭൂമിയുള്ള മുഴുവൻ ആളുകൾക്കും വീട് നൽകാനായി. ലൈഫ് രണ്ടാം ഘട്ട പട്ടികയിലെ അപേക്ഷകർക്കുള്ള വീടുകളാണ് ഇപ്പോൾ നൽകുന്നത്.
 
മാർച്ച് ആദ്യം വരെ ലൈഫ് മിഷൻ വഴി അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായിരുന്നത്. ശേഷിക്കുന്ന 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു. രാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയർന്ന തുക ഏറ്റവുമധികം ആളുകൾക്ക് നൽകിയതും കേരളമാണ്. പട്ടികവർഗ സങ്കേതങ്ങളിൽ 6 ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നൽകുന്നത്.
ലൈഫ് മിഷനൊപ്പം മറ്റ് മിഷനുകളും പിരിച്ചുവിടുമെന്ന പ്രഖ്യാപനവും നാടിനോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ പച്ചപ്പ് തിരിച്ചുപിടിക്കാനും, വൃത്തിയുള്ള കേരളം സാധ്യമാക്കാനുമുള്ള ഹരിത കേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, സർക്കാർ ആശുപത്രികളുടെ വികസനത്തിനായുള്ള ആർദ്ര കേരള മിഷൻ എന്നിവ പിരിച്ചുവിടാനുള്ള നീക്കം യു.ഡി.എഫിന്റെ കപട രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമാണ്. കേരളം കൈവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളെയും നേട്ടങ്ങളെയുമാകെ തകിടം മറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
About Writer
WEBDUNIA