Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ
2026ലെ നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണെന്ന് എന്‍ഡിടിവി സര്‍വ്വെ. സംസ്ഥാനത്ത് കടുത്ത ഭരണവികാരം നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നു. 'വോട്ട് വൈബ് ഇന്ത്യ' കേരള ട്രാക്കര്‍ സര്‍വെ പ്രകാരം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രകടനത്തെ 52 ശതമാനം വരുന്നവരും മോശമെന്നാണ് അഭിപ്രായപ്പെട്ടത്. വെറും 23.8 ശതമാനം മാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് കൂടുതല്‍ പിന്തുണ ലഭിച്ചത് വി ഡി സതീശനാണ് (22.4%). നിലവിലെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ 18 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ സിപിഐഎം നേതാവ് കെകെ ശൈലജയ്ക്ക് 16.9 ശതമാനത്തിന്റെയും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനത്തിന്റെയും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് 9.8 ശതമാനത്തിന്റെയും പിന്തുണ ലഭിച്ചു.
കേരലത്തില്‍ വോട്ട് വിഹിതത്തില്‍ യുഡിഎഫിന് മുന്നേറ്റമുണ്ടാകുമെന്നും സര്‍വ്വെ പറയുന്നു. യുഡിഎഫിന് 32.7 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന് 29.3 ശതമാനവും എന്‍ഡിഎയ്ക്ക് 19.8 ശതമാനവും വോട്ട് ലഭിക്കും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ ആശങ്കയായി കാണുന്നവരും ഏറെയാണ്. സംസ്ഥാനത്തെ 15 ശതമാനം വോട്ടര്‍മാര്‍ ഇതുവരെയും ആര്‍ക്ക് വോട്ട് നല്‍കുമെന്ന തീരുമാനത്തില്‍ എത്തിയിട്ടില്ല.
കോണ്‍ഗ്രസ് നേതാക്കളില്‍ വിഡി സതീശന്‍, ശശി തരൂര്‍,കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് എല്‍ഡിഎഫ് നേതാക്കളേക്കാള്‍ ഉയര്‍ന്ന പിന്തുണയുണ്ടെന്നും സര്‍വ്വെയില്‍ പറയുന്നു.