അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ജനുവരി 2026 (16:20 IST)
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം ലീഗില്‍ സീറ്റ് ചര്‍ച്ചകള്‍ സജീവം.പാര്‍ട്ടിയിലെ അഞ്ച് പ്രമുഖ സിറ്റിംഗ് എം.എല്‍.എമാര്‍ ഇക്കുറി മത്സരരംഗത്തുണ്ടാകില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാനും പികെ ബഷീര്‍ ഏറനാട് നിന്ന് മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ട്. എ മജീദ്,യുഎ ലത്തീഫ്, പി ഉബൈദുല്ല, എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയ്വര്‍ക്ക് വീണ്ടും അവസരം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവരക്തങ്ങള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് സംഘടനാ സംവിധാനത്തെ അടിമുടി പരിഷ്‌കരിക്കാനാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി ലക്ഷ്യമിടുന്നത്. സുഹറ മമ്പാട് മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കും. പിഎംഎ സലാമും തിരൂരങ്ങാടിയില്‍ പരിഗണനയിലുണ്ട്. കെ എം ഷാജി കാസര്‍കോടും പി കെ ഫിറോസ് കുന്നമംഗലത്തും മത്സരിക്കാനാണ് സാധ്യത. നജീബ് കാന്തപുരത്തിനും എന്‍ സംസുദ്ദീനും വീണ്ടും അവസരം നല്‍കും. പേരാമ്പ്രയില്‍ ടിടി ഇസ്മയിലിന്റെ പേരാണ് പരിഗണനയിലുള്ളത്. മഞ്ഞളാംകുഴി അലി വീണ്ടും മങ്കരയില്‍ നിന്ന് മത്സരിക്കും. കോട്ടക്കലില്‍ നിന്ന് ആബിദ് ഹുസൈനാണ് മത്സരിക്കുക.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാറ്റങ്ങള്‍ക്കൊപ്പം യു.ഡി.എഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലീഗ് വ്യക്തമാക്കിയിരുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി സീറ്റുകള്‍ വച്ചുമാറുന്ന കാര്യവും ചര്‍ച്ചയിലുണ്ട്.