കെ.സി.വേണുഗോപാൽ മുഖ്യമന്ത്രി, ആഭ്യന്തരം രമേശ് ചെന്നിത്തലയ്ക്ക്; സതീശനെ ധനകാര്യത്തിൽ 'ഒതുക്കും'
എംഎൽഎമാരിൽ കൂടുതൽ പേർ പിന്തുണയ്ക്കുന്നത് വേണുഗോപാലിനെയാണ്
യുഡിഎഫ് മന്ത്രിസഭയിൽ വി.ഡി.സതീശനു ലഭിക്കുക ധനവകുപ്പ്. കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ തത്വത്തിൽ ധാരണയായി. കേരളത്തിൽ നിന്നുള്ള നേതാക്കളെ കേട്ടശേഷം ഹൈക്കമാൻഡാണ് തീരുമാനമെടുത്തത്. പ്രഖ്യാപനം ഇന്ന് രാത്രിയോടെ.
എംഎൽഎമാരിൽ കൂടുതൽ പേർ പിന്തുണയ്ക്കുന്നത് വേണുഗോപാലിനെയാണ്. കെപിസിസി മുൻ അധ്യക്ഷൻമാർ, നിലവിലെ വർക്കിങ് പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ എന്നിവരുടെയും പിന്തുണ വേണുഗോപാലിനുണ്ട്. ഹൈക്കമാൻഡിലും വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം.
സീനിയോറിറ്റി പരിഗണിച്ച് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കും. നേരത്തെ ചെന്നിത്തല ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത പരിചയസമ്പത്ത് കൂടി പരിഗണിച്ചാണ് തീരുമാനം. ധനകാര്യ വകുപ്പ് സതീശൻ സ്വീകരിക്കുമോ എന്ന കാര്യത്തിലാണ് സംശയം. മുഖ്യമന്ത്രി അല്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു നേരത്തെ സതീശൻ.
21 അംഗ മന്ത്രിസഭയ്ക്കാണ് സാധ്യത. തിരുവഞ്ചൂർ രാധാകൃഷ്ണനു റവന്യു വകുപ്പ് ലഭിക്കും. വ്യവസായവും വിദ്യാഭ്യാസവും ഉൾപ്പെടെ അഞ്ച് മന്ത്രിമാർ മുസ്ലിം ലീഗിന്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു ഒരു മന്ത്രി മാത്രം. ആർഎസ്പിയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല.