മഴക്കാലം വരുന്നു; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം
ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍
പ്രതിരോധ മാര്‍ഗങ്ങള്‍
റബര്‍ ടാപ്പിങ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുകിന്റെ പോളകള്‍, വീടിന്റെ സണ്‍ ഷെയ്ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍ ഉപയോഗശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍,പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍, കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങി ഒരു സ്പൂണില്‍ താഴെ വെള്ളം പോലും ഒരാഴ്ചതുടര്‍ച്ചയായി കെട്ടി നില്‍ക്കുകയാണെങ്കില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാവാനിടയുള്ളതിനാല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണം.
ആഴ്ചയില്‍ ഒരു ദിവസം (വെള്ളി-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശനി-ഓഫീസുകള്‍, ഞായര്‍-വീടുകള്‍) എന്നീ ക്രമത്തില്‍ ഡ്രൈഡേ ആചരിക്കണം. പനി ഉണ്ടായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. സ്വയംചികിത്സ ഒഴിവാക്കുകയും ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.