സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; നിസാരവത്കരിച്ച് ആരോഗ്യമന്ത്രി
ജൂൺ ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിലായി സംസ്ഥാനത്ത് പകർച്ചവ്യാധി മൂലം 87 പേരാണ് മരിച്ചത്
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുമ്പോഴും അതിനെ നിസാരവത്കരിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിയമസഭയിൽ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചപ്പോൾ തമാശരൂപേണ മറുപടി നൽകി ഒഴിഞ്ഞുമാറുകയാണ് ആരോഗ്യമന്ത്രി ചെയ്തത്. മന്ത്രിയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്.
ജൂൺ ഒന്ന് മുതൽ 20 വരെയുള്ള ദിവസങ്ങളിലായി സംസ്ഥാനത്ത് പകർച്ചവ്യാധി മൂലം 87 പേരാണ് മരിച്ചത്. പ്രതിപക്ഷം ഇക്കാര്യം ഇന്ന് നിയമസഭയിൽ ചൂണ്ടിക്കാട്ടി. ആരോഗ്യവകുപ്പിന്റെ തലപ്പത്ത് കസേരക്കളി നടക്കുകയാണെന്നും പകർച്ചവ്യാധി വ്യാപനത്തിനു വേണ്ടത്ര ഗൗരവം നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.
എന്നാൽ പ്രതിപക്ഷത്തിനു മറുപടി നൽകാൻ എഴുന്നേറ്റ ആരോഗ്യമന്ത്രി, 'ഈ പറയുന്ന പോലെ ഭീകരമായ പ്രശ്‌നമൊന്നും ഇവിടെ ഇല്ല,' എന്നു പറഞ്ഞ് തടിതപ്പി. മാത്രമല്ല മുൻ ആരോഗ്യമന്ത്രിമാരെ പരിഹസിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.