സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി അന്വേഷണത്തിന് ഹൈക്കോടതി അനുമതി, ഇഡി റെയ്ഡ് , കേസിന്റെ നാള്‍വഴി ഇങ്ങനെ
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഇന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തുകയാണ്.
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും വിവാദങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഇന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തുകയാണ്.
വീണ വിജയന്റെ എക്‌സലോജിക് സൊലൂഷന്‍സ് (Exalogic Solutions) കമ്പനിക്ക് ഐടി സേവനങ്ങള്‍ നല്‍കിയതിന്റെ പേരില്‍ കരിമണല്‍ ഖന കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റീട്ടൈല്‍ ലിമിറ്റഡ് (CMRL) ഏകദേശം 1.72 കോടി നല്‍കിയെന്നതാണ് കേസ്. യാതൊരു സേവനവും നല്‍കാതെയാണ് എക്‌സലോജിക്കിന് പണം കൈമാറിയതെന്നതാണ് കേസിലെ ആരോപണം. ഇതിനൊപ്പം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേസ്ഗന്‍ ഓഫീസിന്റെ കണ്ടെത്തല്‍ പ്രകാരം ഇത് 2.70 കോടിയാണെന്നും കണ്ടെത്തിയിരുന്നു. അധികാര സ്വാധീനമുപയോഗിച്ച് നിയമവിരുദ്ധമായ രീതിയില്‍ പണം കൈപ്പറ്റിയോ എന്നതാണ് ഇഡി അന്വേഷിക്കുന്നത്.
കേസിന്റെ നാള്‍ വഴി
മാസപ്പടി വിവാദത്തില്‍ ആദ്യമായി ശക്തമായ നിയമപോരാട്ടം ആരംഭിച്ചത് ഷോണ്‍ ജോര്‍ജായിരുന്നു. നിയമവിരുദ്ധമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി പണം കൈപ്പറ്റിയെന്ന് ആരോപിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികളെ സമീപിച്ചതും ഷോണ്‍ ജോര്‍ജാണ്. തുടര്‍ന്ന് എസ്എഫ്‌ഐഒ നടത്തിയ അന്വേഷണത്തിലാണ് വീണ വിജയനെ പതിനൊന്നാം പ്രതിയാക്കിയത്. എക്‌സലോജിക്കിന് എന്തിനാണ് സിഎംആര്‍എല്‍ വലിയ തുക നല്‍കിയതെന്ന ചോദ്യമാണ് ഇടത് സര്‍ക്കാരിനെ സംശയമുനയിലാക്കിയത്. ആലപ്പുഴയിലെ തൃക്കുന്നപുഴ, ആറാട്ടുപുഴ എന്നീ മേഖലകളില്‍ കരിമണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ വന്‍തോതില്‍ ഭൂമി വാങ്ങിയിരുന്നു. ഇതിന് അനുമതി നല്‍കിയതിനുള്ള പ്രതിഫലമായാണ് വീണയ്ക്ക് സിഎംആര്‍എല്ലില്‍ നിന്ന് പ്രതിമാസം 5 ലക്ഷം രൂപ നിരക്കില്‍ ഐടി കണ്‍സള്‍ട്ടെന്റ് എന്ന നിലയില്‍ തുക നല്‍കിയതെന്നാണ് ആരോപണം.2017- 2020 വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ 1.72 കോടി രൂപയാണ് എക്‌സലോജിക്കിന് ലഭിച്ചത്. എന്നാല്‍ എക്‌സലോജിക് ഒരുവിധമായ സേവനങ്ങളോ സോഫ്റ്റ്വെയറുകളോ നല്‍കിയതായി രേഖകള്‍ ഒന്നും തന്നെയില്ല.
2024 ജനുവരി 31ന് എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചു. 2025 ഏപ്രിലില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വീണയെ പതിനൊന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 2024 ഏപ്രിലില്‍ ഇ ഡി കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മാസപ്പടി വിവാദമായതോടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പ്രതിരോധിക്കാന്‍ സിപിഎം നേരിട്ട് രംഗത്തിറങ്ങി. കേസ് കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.