ബിജെപി മോഡൽ കേരളത്തിലും; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സതീശന്റെ സെക്രട്ടറി
2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തൻ യു ഖേൽക്കർ
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള നിയമനവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. നിയമന ഉത്തരവ് ഇന്നിറങ്ങും.
2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സെക്രട്ടറിയായി ഖേൽക്കറെ നിർദേശിച്ചത് മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ടാണ്.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ സെക്രട്ടറിയായി നിയമിച്ചത് ബംഗാളിലെ ചീഫ് ഇലക്ഷൻ ഓഫീസറായ മനോജ് അഗർവാളിനെയാണ്. ഇതിനെതിരെ ലോക്‌സഭാ എംപി രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ബംഗാളിൽ ബിജെപി ചെയ്തത് അതേപടി ആവർത്തിച്ചിരിക്കുകയാണ് കേരളത്തിൽ സതീശൻ.
' ബിജെപി - തിരഞ്ഞെടുപ്പ് കമ്മീഷൻ കള്ളൻമാരുടെ മാർക്കറ്റ്. മോഷണം വലുതെങ്കിൽ പ്രതിഫലവും വലുതായിരിക്കും' എന്നാണ് പശ്ചിമ ബംഗാളിൽ മനോജ് അഗർവാളിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചപ്പോൾ രാഹുൽ വിമർശിച്ചത്.
കേരളത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ച കത്തിൽ ബിജെപിയുടെ സീൽ വന്നത് വലിയ വിവാദമായിരുന്നു. രത്തൻ ഖേൽക്കർ ഇതിനെ ന്യായീകരിച്ചാണ് അന്ന് സംസാരിച്ചത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതേ ഖേൽക്കറിനെ സെക്രട്ടറിയായി നിയമിച്ചിരിക്കുകയാണ് വി.ഡി.സതീശൻ.