ചരിത്ര റെക്കോർഡിനു മൂന്ന് റൺസ് അകലെ വീണു; ഇനിയും വിളിക്കണോ 'അതിശയ ബാലൻ' എന്ന്?
അർഹിച്ച സെഞ്ചുറിക്കു മൂന്ന് റൺസ് അകലെയാണ് താരം പുറത്തായത്. അതിന്റെ നിരാശ വൈഭവിൽ കാണാമായിരുന്നു
'വണ്ടർ കിഡ്' എന്നാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവൻശിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. എന്നാൽ അതിനുമപ്പുറമാണ് താനെന്ന് ഓരോ കളി കഴിയുമ്പോഴും വൈഭവ് തെളിയിക്കുകയാണ്. 15 കാരനായ ഈ അൺക്യാപ്ഡ് പ്ലെയറിന്റെ ബാറ്റ് ചൂടറിഞ്ഞവരിൽ ജസ്പ്രിത് ബുംറ, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്‌സൽവുഡ് എന്നിങ്ങനെ ലോകോത്തര ബൗളർമാരും ഉണ്ട്.
സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ എലിമിനേറ്ററിൽ 29 പന്തുകളിൽ നിന്ന് 97 റൺസാണ് വൈഭവ് നേടിയത്. 12 സിക്‌സുകളും അഞ്ച് ഫോറുകളും സഹിതമാണ് വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. എലിമിനേറ്റർ പോലൊരു 'ഡു ഓർ ഡൈ' മാച്ചിൽ സ്‌ട്രൈക് റേറ്റ് 334.48 ആണെന്നത് ഓർക്കണം.
അർഹിച്ച സെഞ്ചുറിക്കു മൂന്ന് റൺസ് അകലെയാണ് താരം പുറത്തായത്. അതിന്റെ നിരാശ വൈഭവിൽ കാണാമായിരുന്നു. ബൗണ്ടറിയിലൂടെ സെഞ്ചുറി തികയ്ക്കാനാണ് വൈഭവ് ശ്രമിച്ചെങ്കിലും പ്രഫുൽ ഹിഞ്ചെയുടെ പന്തിൽ സ്മരൺ രവിചന്ദ്രനു ക്യാച്ച് നൽകി വൈഭവ് മടങ്ങുകയായിരുന്നു.
ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോർഡാണ് വൈഭവിനു നഷ്ടമായത്. ആ പന്ത് ബൗണ്ടറി ആയിരുന്നെങ്കിൽ 29 പന്തിൽ സെഞ്ചുറി നേടാൻ വൈഭവിനു സാധിക്കുമായിരുന്നു. 2013 ൽ ക്രിസ് ഗെയ്ൽ തീർത്ത 30 പന്തിൽ സെഞ്ചുറി എന്ന 13 വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയായേനെ ! എന്തായാലും വളരെ അടുത്തുതന്നെ ആ റെക്കോർഡ് വൈഭവ് മറികടക്കുമെന്ന് ഉറപ്പാണ്.
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇന്നലെ വൈഭവ് സ്വന്തമാക്കിയിരുന്നു. 2012 സീസണിൽ ക്രിസ് ഗെയ്ൽ ആർസിബിക്കു വേണ്ടി 59 സിക്‌സുകൾ പറത്തിയിട്ടുണ്ട്. ഈ സീസണിൽ 15-ാം മത്സരത്തിൽ വൈഭവ് ആ റെക്കോർഡ് മറികടന്നു. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 242.86 സ്ട്രൈക് റേറ്റിൽ 680 റൺസാണ് വൈഭവ് ഇതുവരെ നേടിയത്. സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് ഈ 15 കാരൻ.