1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. 15 year kid doing the impossible kris srikkanth compares vaibhav with viv richards and kapildev

റിച്ചാർഡ്സിനോ ഗെയ്‌ലിനോ പോലും ഇതൊന്നും സാധിച്ചിട്ടില്ല, വൈഭവ് മറ്റേതോ ലെവലിൽ: പ്രശംസകൊണ്ട് മൂടി ശ്രീകാന്ത്

ബുധനാഴ്ച മുള്ളന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ 29 പന്തില്‍ 97 റണ്‍സാണ് വൈഭവ് നേടിയത്.

kapildev, viv richards, vaibhav Suryavanshi,vaibhav suryavanshi batting,IPL,RR vs SRH
ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വൈഭവ് സൂര്യവംശി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ താരത്തെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. വെറും 15 വയസ് മാത്രം പ്രായമുള്ള വൈഭവ് പുറത്തെടുക്കുന്ന പ്രകടനം ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മറ്റാര്‍ക്കും സാധിക്കാത്തതാണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.
 
 ബുധനാഴ്ച മുള്ളന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ 29 പന്തില്‍ 97 റണ്‍സാണ് വൈഭവ് നേടിയത്. 12 കൂറ്റന്‍ സിക്‌സുകളാണ് താരം പറത്തിയത്. ക്രിസ് ഗെയ്ലിനെയും വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും കടത്തിവെട്ടുന്ന പ്രകടനങ്ങളാണ് താരം നടത്തുന്നതെന്നാണ് ശ്രീകാന്ത് പറയുന്നത്. ഞാന്‍ അവനെ ഇനി എന്ത് വിളിക്കണമെന്നാണ് ആലോചിക്കുന്നത്. അവനെ യൂണിവേഴ്‌സ് ബോസ് എന്നോ ക്രിക്കറ്റിലെ ദൈവം എന്നെല്ലാം വിളിക്കണോ?, ക്രിസ് ഗെയ്ല്‍ കരിയറില്‍ ചെയ്തതിനേക്കാള്‍ വലിയ കാര്യങ്ങളാണ് അവന്‍ ചെയ്യുന്നത്. ഈ റെക്കോര്‍ഡുകളൊക്കെ ഭാവിയില്‍ മറ്റാര്‍ക്കെങ്കിലും തകര്‍ക്കുക എന്നത് തന്നെ അസാധ്യമാണ്.
 
 വെറും കണ്ണും പൂട്ടിയുള്ള അടിയല്ല, മറിച്ച് ബുദ്ധിപൂര്‍വമായ ബാറ്റിംഗാണ് വൈഭവ് ചെയ്യുന്നത്. വിവ് റിച്ചാര്‍ഡ്‌സും കപില്‍ ദേവുമെല്ലാം എതിര്‍ നിരയെ തകര്‍ത്ത് തരിപ്പണമാക്കുന്നത് ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. അവരേക്കാള്‍ മുകളിലായാണ് വൈഭവ് കളിക്കുന്നത്. അവര്‍ക്ക് പോലും ഇത്ര സ്ഥിരതയോടെ ബൗളര്‍മാരെ തല്ലിചതയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. 2016 സീസണ്‍ എങ്ങനെ കോലിയുടെ പേരില്‍ അറിയപ്പെടുന്നു അതുപോലെ 2026 സീസണ്‍ സൂര്യവംശിയുടെ പേരില്‍ അറിയപ്പെടുമെന്നും ശ്രീകാന്ത് പറഞ്ഞു.
 
 സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 680 റണ്‍സാണ് വൈഭവ് ഇതിനകം നേടിയത്. ഇന്നലെ ഹൈദരാബാദിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡും താരം തകര്‍ത്തിരുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഐപിഎല്ലിലെ പുറത്താകൽ, ഒടുവിൽ മനസ്സ് തുറന്ന് പ്രീതി സിൻ്റ, വൈകാരിക കുറിപ്പിന് പിന്തുണയുമായി ആരാധകർ