Vaibhav Suryavanshi : വൈഭവിനെ പൂട്ടാനുള്ള പ്ലാനെല്ലാം കയ്യിലുണ്ട്, മുന്നറിയിപ്പുമായി പാറ്റ് കമ്മിൻസ്
ഐപിഎല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ 15 വയസ്സുകാരന്‍ വൈഭവ് സൂര്യവന്‍ഷിയെ തളയ്ക്കാന്‍ ഒന്നിലധികം ബൗളിങ് പ്ലാനുകള്‍ തയ്യാറാണെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്. ചുരുങ്ങിയ ഓവറുകള്‍ക്കുള്ളില്‍ തന്നെ കളി മാറ്റിമറിക്കാന്‍ ശേഷിയുള്ള വൈഭവിനെ പോലുള്ള താരങ്ങള്‍ക്കെതിരെ പ്ലാന്‍ ബിയും പ്ലാന്‍ സിയുമെല്ലാം അത്യാവശ്യമാണെന്ന് കമ്മിന്‍സ് പറഞ്ഞു. സീസണിലെ ലീഗ് ഘട്ടത്തില്‍ 2 തവണ ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാനെ തോല്‍പ്പിക്കാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കെതിരെ സെഞ്ചുറി പ്രകടനം നടത്താന്‍ വൈഭവിനായിരുന്നു. ഒരു ബൗളര്‍ എന്ന നിലയില്‍ സ്വന്തം കരുത്തില്‍ പന്തെറിയുക എന്നത് പ്രധാനമാണ്. എന്നാല്‍ എതിര്‍ ടീമിലെ ഒന്നോ രണ്ടോ താരങ്ങള്‍ മത്സരം മാറ്റിമറിക്കാന്‍ ശേഷിയുള്ളവരാണ്. അവര്‍ക്കായി പ്രത്യേക പ്ലാനുകള്‍ തയ്യാറാക്കേണ്ടി വരും. ഞങ്ങള്‍ക്കെതിരെ അദ്ദേഹം സെഞ്ചുറി നേടിയെങ്കിലും ചില സമയങ്ങളിലെങ്കിലും വൈഭവിനെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കായിരുന്നു. അനുഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിക്കും. കമ്മിന്‍സ് പറഞ്ഞു.