27 പന്തില്‍ 30 റണ്‍സ് മാത്രം, പഞ്ചാബിനെ തോല്‍പ്പിച്ചത് ശ്രേയസിന്റെ മെല്ലെപ്പോക്ക്
ഐപിഎൽ 2026 സീസണിൽ ആദ്യമായി തോൽവി വഴങ്ങിയിരിക്കുകയാണ് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സ്. ഐപിഎല്ലിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം എതിരാളികളെ ആധികാരികമായി തുരത്തിയ പഞ്ചാബിന് പണി കൊടുത്തത് പക്ഷേ നായകനായ ശ്രേയസ് അയ്യരുടെ തന്നെ മെല്ലെപ്പോക്കായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ ഓവറുകളിൽ കാര്യമായ റൺസ് കണ്ടെത്താൻ പഞ്ചാബിനായിരുന്നില്ല. 200 പോലും എത്തില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മാർക്കസ് സ്റ്റോയ്നിസ് 22 പന്തിൽ നേടിയ 62 റൺസ് പ്രകടനമാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്.
പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം 4 പന്തുകൾ ബാക്കിനിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി മികച്ച തുടക്കമാണ് ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ് സിമ്രാനും ചേർന്ന് നൽകിയത്. 11 പന്തിൽ 29 റൺസുമായി പ്രിയാൻഷ് ആര്യയും 14 പന്തിൽ 30 റൺസുമായി കൂപ്പർ കണോലിയും അടിച്ചുതകർത്തെങ്കിലും പ്രഭ് സിമ്രാനും ശ്രേയസ് അയ്യരും ടീമിൻ്റെ സ്കോറിംഗ് നിരക്ക് താഴ്ത്തി.
44 പന്ത് ബാറ്റ് ചെയ്ത പ്രഭ് സിമ്രാൻ 134 സ്ട്രൈക്ക് റേറ്റിൽ 59 റൺസ് മാത്രമാണ് നേടിയത്. ശ്രേയസ് അയ്യരാകട്ടെ 27 പന്തിൽ നേടിയത് 30 റൺസും. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ യശ്വസി ജയ്സ്വാളും വൈഭവ് സൂര്യവംശിയും ചേർന്ന് നൽകിയത്. മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാൻ പഞ്ചാബിനായെങ്കിലും അവസാന ഓവറുകളിൽ ശുഭം ദുബെയും ഡൊണോവൻ ഫെരേരയും നടത്തിയ കടന്നാക്രമണത്തിൽ പഞ്ചാബ് ബൗളിംഗ് തകർന്നടിഞ്ഞു.
രാജസ്ഥാനായി വൈഭവ് സൂര്യവംശി 16 പന്തിൽ 43 റൺസും യശ്വസി ജയ്സ്വാൾ 27 പന്തിൽ 51 റൺസും ഡൊണാവൻ ഫെറെര 26 പന്തിൽ 52 റൺസും നേടി. 12 പന്തിൽ 31 റൺസുമായി ശുഭം ദുബെയും രാജസ്ഥാൻ നിരയിൽ തിളങ്ങി. വിജയത്തോടെ രാജസ്ഥാൻ പോയൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.