Sanju Samson : തന്റെ സോണിലുള്ള പന്തുകളെ സഞ്ജു ആക്രമിക്കുന്നുള്ളു, എന്തൊരു മാറ്റം, മാസ്റ്റര്‍ ക്ലാസായി മാറി: പ്രശംസിച്ച് സെവാഗ്
ലോകകപ്പിന് മുന്‍പായി നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും നിരാശപ്പെടുത്തികൊണ്ട് തന്റെ കരിയറിന്റെ പടുകുഴിയില്‍ നിന്നാണ് സഞ്ജു തിരിച്ചുവന്നത്.
ലോകകപ്പിലെ 3 വമ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെയാകെ ഹീറോയായി മലയാളി താരം സഞ്ജു സാംസണ്‍ മാറിയിരുന്നു. ലോകകപ്പിന് മുന്‍പായി നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും നിരാശപ്പെടുത്തികൊണ്ട് തന്റെ കരിയറിന്റെ പടുകുഴിയില്‍ നിന്നാണ് സഞ്ജു തിരിച്ചുവന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ സഞ്ജുവിന്റെ മിന്നലാട്ടങ്ങള്‍ കാണാനായെങ്കിലും വെസ്റ്റിന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ മത്സരത്തിലാണ് പുതിയ സാംസണ്‍ അവതരിച്ചത്. തുടര്‍ന്ന് സെമിയിലും ഫൈനലിലും ഇന്ത്യയെ ജയിപ്പിച്ച 2 ഇന്നിങ്ങ്‌സുകള്‍. ഈ പ്രകടനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായും തുടരുകയാണ് സഞ്ജു.
2026 സീസണില്‍ ആദ്യ 3 മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ചെന്നൈയിലെ തന്റെ ആദ്യ സീസണില്‍ തന്നെ സഞ്ജു ഇതിനകം 2 സെഞ്ചുറികളടക്കം 400ലധികം റണ്‍സ് നേടികഴിഞ്ഞു. ബാറ്ററെന്ന നിലയില്‍ സഞ്ജു തന്റെ സമീപനത്തില്‍ പൂര്‍ണ്ണമായ മാറ്റം വരുത്തിയെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗ് പറയുന്നത്. നിലവില്‍ പേഴ്‌സന്റേജ് ക്രിക്കറ്റാണ് സഞ്ജു കളിക്കുന്നതെന്ന് സെവാഗ് പറയുന്നത്. തന്റെ സോണിലുള്ള പന്തുകള്‍ മാത്രമെ സഞ്ജു ആക്രമിക്കുന്നുള്ളു.
മുന്‍പ് ബൗളറെ കടന്നാക്രമിക്കുന്നതായിരുന്നു സഞ്ജുവിന്റെ സമീപനം. എന്നാല്‍ നിലവില്‍ ഏത് ബൗളര്‍ക്കെതിരെ കളിക്കണം, എപ്പോള്‍ ഇന്നിങ്ങ്‌സിന് വേഗത കൂട്ടണം, എന്നതിനെയെല്ലാം പറ്റി സഞ്ജുവിന് കൃത്യമായ ധാരണയുണ്ട്. മത്സരത്തിനെ പറ്റിയുള്ള ഈ ധാരണ ബാറ്റിങ്ങിലേക്കും കൊണ്ടുവരാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. വലിയ മാറ്റമാണ് സഞ്ജുവിന് വന്നിട്ടുള്ളത്. സെവാഗ് പറഞ്ഞു.