Rajasthan Royals vs Royal Challengers Bengaluru: ആര്‍സിബിയെ തൂക്കി രാജസ്ഥാന്റെ പയ്യന്‍സ്; അടി കിട്ടിയവരില്‍ ഹെയ്‌സല്‍വുഡും !
ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശിയുടെ വെടിക്കെട്ട് തുടക്കവും വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ ധ്രുവ് ജുറലിന്റെ ഇന്നിങ്‌സുമാണ് രാജസ്ഥാന്റെ കാര്യങ്ങള്‍ എളുപ്പമാക്കിയത്
Rajasthan Royals
Rajasthan Royals vs Royal Challengers Bengaluru: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു ആദ്യ തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആര്‍സിബി വീണത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തപ്പോള്‍ രണ്ട് ഓവറും ആറ് വിക്കറ്റും ശേഷിക്കെ രാജസ്ഥാന്‍ അനായാസം ലക്ഷ്യംകണ്ടു.
ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശിയുടെ വെടിക്കെട്ട് തുടക്കവും വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ ധ്രുവ് ജുറലിന്റെ ഇന്നിങ്‌സുമാണ് രാജസ്ഥാന്റെ കാര്യങ്ങള്‍ എളുപ്പമാക്കിയത്. 26 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 78 റണ്‍സ് നേടിയ വൈഭവ് ആണ് കളിയിലെ താരം. ആര്‍സിബിയുടെ സ്റ്റാര്‍ ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡ് അടക്കം വൈഭവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ധ്രുവ് ജുറല്‍ 43 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 81 റണ്‍സുമായി പുറത്താകാതെ നിന്നു.
ആര്‍സിബിക്കു വേണ്ടി നായകന്‍ രജത് പാട്ടീദര്‍ അര്‍ധ സെഞ്ചുറി നേടി. 40 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 63 റണ്‍സാണ് പാട്ടീദര്‍ നേടിയത്. വിരാട് കോലി 16 പന്തില്‍ 32 റണ്‍സെടുത്തു. വെങ്കടേഷ് അയ്യര്‍ (15 പന്തില്‍ പുറത്താകാതെ 29), റൊമാരിയോ ഷെപ്പേര്‍ഡ് (11 പന്തില്‍ 22) എന്നിവരും തിളങ്ങി.
നാല് കളിയില്‍ നാലും ജയിച്ച് എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ആര്‍സിബി മൂന്നാം സ്ഥാനത്ത്.