'കോലി രണ്ട് വർഷത്തോളം ഫോമിൽ ആയിരുന്നില്ലല്ലോ'; സൂര്യകുമാർ യാദവിനെ പിന്തുണച്ച് കൈഫ്
അതേസമയം അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ടീമിൽ സൂര്യ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു
സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് നീക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് ഇന്ത്യയുടെ മുൻതാരം മുഹമ്മദ് കൈഫ്. സൂര്യയിൽ വിശ്വാസമർപ്പിക്കണമെന്നും ഇനിയും അവസരം നൽകണമെന്നുമാണ് കൈഫിന്റെ വാദം. സൂപ്പർതാരം വിരാട് കോലിയും ഇതുപോലെ ഫോംഔട്ടിലൂടെ കടന്നുപോയിട്ടില്ലേയെന്നും കൈഫ് ചോദിക്കുന്നു.
' സൂര്യകുമാർ യാദവ് ഒരു പുതിയ ബാറ്ററല്ല. അദ്ദേഹം കളിച്ചു തെളിയിച്ചവനാണ്. 2025 ലെ ഐപിഎലിൽ 700 റൺസാണ് അദ്ദേഹം നേടിയത്. ഇപ്പോൾ ഫോമിലല്ല എന്നത് സത്യമാണ്. വിരാട് കോലി പോലും രണ്ട് വർഷത്തോളം ഫോംഔട്ടിൽ ആയിരുന്നില്ലേ? എന്നാൽ ആ കളിക്കാരനിൽ നമ്മൾ വിശ്വാസമർപ്പിച്ചു, അദ്ദേഹം വീണ്ടും മികച്ച രീതിയിൽ കളിച്ച് തിരിച്ചുവന്നു. ടി20 ഫോർമാറ്റിൽ കോലിക്കൊപ്പം തന്നെയാണ് സൂര്യയുടെയും സ്ഥാനം, അതിൽ കുറവല്ല,' കൈഫ് പറഞ്ഞു.
സൂര്യ ലോകകപ്പിൽ സ്‌കോർ ചെയ്തിട്ടില്ല എന്നത് സത്യമാണ്. എന്നുകരുതി അദ്ദേഹം ഒരു മോശം കളിക്കാരൻ ആകുന്നില്ല. കോലിക്ക് പോലും മോശം സമയമുണ്ടായിട്ടുണ്ട്, അപ്പോഴും നമ്മൾ പിന്തുണ നൽകി. എല്ലാ കളിക്കാർക്കും അങ്ങനെയൊരു മോശം സമയമുണ്ട്. അടുത്ത ഒന്നോ രണ്ടോ പരമ്പരകളിൽ കൂടി അവസരം നൽകിയ ശേഷം സൂര്യയെ പുറത്താക്കാം. ലോകകപ്പ് നേടിത്തന്ന നായകനു കുറച്ചെങ്കിലും ബഹുമാനം നൽകുക,' കൈഫ് കൂട്ടിച്ചേർത്തു.
അതേസമയം അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾക്കുള്ള ടീമിൽ സൂര്യ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ബിസിസിഐ സെലക്ടർമാരുടെ യോഗം മുംബൈയിൽ പുരോഗമിക്കുകയാണ്. ഇന്ന് രാത്രിയോടെ ടീം പ്രഖ്യാപനം ഉണ്ടാകും. സൂര്യക്കു പകരം നായകനായി ശ്രേയസ് അയ്യരെ തീരുമാനിച്ചേക്കും. തിലക് വർമ, ഇഷാൻ കിഷൻ എന്നിവരും പരിഗണനയിലുണ്ട്.