Shreyas Iyer: ശ്രേയസ് അയ്യർ ട്വന്റി 20 ക്യാപ്റ്റൻ
സെലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറും ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയും ചേർന്ന് മാധ്യമങ്ങളെ കാണും
Shreyas Iyer: ട്വന്റി 20 ഫോർമാറ്റിൽ ഇന്ത്യക്കു പുതിയ നായകൻ. ശ്രേയസ് അയ്യരെ ക്യാപ്റ്റനായി ബിസിസിഐ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മുംബൈയിൽ ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുക്കണമെന്ന് ശ്രേയസ് അയ്യർക്കു നിർദേശം ലഭിച്ചു.
സെലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറും ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയും ചേർന്ന് മാധ്യമങ്ങളെ കാണും. നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലിനെയും പരിഗണിച്ചിരുന്നെങ്കിലും മധ്യനിര ബാറ്റർ എന്ന ആനുകൂല്യവും അജിത് അഗാർക്കറുടെ പിന്തുണയും ശ്രേയസിനു ഗുണമായി.
സൂര്യകുമാർ യാദവിനു പകരക്കാരനായാണ് ശ്രേയസ് ഇന്ത്യയുടെ ടി20 ടീമിന്റെ തലപ്പത്തേക്ക് എത്തുന്നത്. മോശം ഫോമിലുള്ള സൂര്യയെ ടി20 ടീമിൽ നിന്ന് ഒഴിവാക്കുമെന്നും ഇതോടെ ഉറപ്പായി. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളെ ശ്രേയസ് നയിച്ചിട്ടുണ്ട്. 2024 ൽ കൊൽക്കത്ത കിരീടം നേടിയതും 2025 ൽ പഞ്ചാബ് ഫൈനലിസ്റ്റുകളായതും ശ്രേയസിന്റെ ക്യാപ്റ്റൻസിക്കു കീഴിലാണ്.