ലോകകപ്പിന് പിന്നാലെയുള്ള ഐപിഎല്‍, സൂപ്പര്‍ താരങ്ങളുടെ പരിക്ക് : ഇത്തവണ ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറഞ്ഞോ?
ഐപിഎല്ലിലെ തന്നെ പ്രധാനടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ മോശം പ്രകടനമാണ് ആരാധകരിലെ ആവേശം കെടുത്തിയിട്ടുള്ളത്.
ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന് ഇത്തവണ ഗ്ലാമര്‍ കുറഞ്ഞെന്ന പരാതി ശക്തമാകുന്നു. ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ടി20 ലീഗാണെങ്കിലും ഇത്തവണത്തെ മത്സരങ്ങള്‍ക്ക് ആത്മാവില്ലെന്ന അഭിപ്രായമാണ് പലര്‍ക്കുമുള്ളത്. മഹേന്ദ്ര സിംഗ് ധോനി അടക്കമുള്ള താരങ്ങളുടെ അഭാവവും ടി20 ലോകകപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ നടക്കുന്ന ടൂര്‍ണമെന്റ് എന്നുള്ളതും ഐപിഎല്ലിന്റെ ആദ്യദിവസങ്ങളിലെ ഗ്ലാമര്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
ഐപിഎല്ലിലെ തന്നെ പ്രധാനടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുടെ മോശം പ്രകടനമാണ് ആരാധകരിലെ ആവേശം കെടുത്തിയിട്ടുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, എം എസ് ധോനി, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങി പല താരങ്ങള്‍ക്കും ആദ്യമത്സരം നഷ്ടമായത് ഐപിഎല്ലിന്റെ താരപൊലിമ കുറച്ചിട്ടുണ്ട്. ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങി പല വമ്പന്മാരും പരിക്കിന്റെ പിടിയിലായതും ഒരു പ്രധാന ടൂര്‍ണമെന്റ് കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെ ഐപിഎല്‍ വന്നതും പലരെയും ഐപിഎല്ലില്‍ നിന്ന് അകറ്റിയിട്ടുണ്ട്.
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ നടക്കുന്നതിനാല്‍ ആരാധകര്‍ക്ക് പലര്‍ക്കും ഇമോഷണല്‍ ഹൈ നല്‍കാന്‍ ഐപിഎല്ലിന് സാധിച്ചിട്ടില്ല. ലോകകപ്പ് ഹാങ്ങ് ഓവര്‍ പ്രതിഭാസമാണ് ഐപിഎല്ലിന്റെ ആദ്യഘട്ടത്തിലെ ആവേശം തണുപ്പിക്കാന്‍ ഒരു കാരണമായിട്ടുള്ളത്. 10 ടീം ഫോര്‍മാറ്റ് പല മത്സരങ്ങളെയും വിരസതയുള്ളതാക്കി മാറ്റിയിട്ടുണ്ട്. മുന്‍പ് ഓരോ മത്സരവും നിര്‍ണായകമായിരുന്നെങ്കില്‍ ഇപ്പോള്‍ രസം കൊല്ലികളായി പല മത്സരങ്ങളും നടക്കുന്നു.
ഐപിഎല്ലിന്റെ മുഖങ്ങളായി ഏറെക്കാലം നിന്നിരുന്നത് വിരാട് കോലി,രോഹിത് ശര്‍മ, എം എസ് ധോനി, ഡേവിഡ് വാര്‍ണര്‍ മുതലായ താരങ്ങളായിരുന്നു. ഇതും നിലവില്‍ പരിണാമഘട്ടത്തിലേക്ക് മാറുകയാണ്. പുതിയ താരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും രോഹിത്തോ, ധോനിയോ,കോലിയോ സൃഷ്ടിച്ച പോലെ ആരാധകരെ സൃഷ്ടിക്കാനായിട്ടില്ല. ക്രിക്കറ്റിന് പുറമെ പശ്ചിമേഷ്യന്‍ സംഘര്‍ഷവും സാമ്പത്തിക സമ്മര്‍ദ്ദവുമെല്ലാം ഐപിഎല്ലിന്റെ നിറം കെടുത്തുന്നുണ്ട്.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ പല മത്സരങ്ങളും വിരസമാണെങ്കിലും ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഐപിഎല്‍ കൂടുതല്‍ ആവേശകരമാകുമെന്ന് ഉറപ്പാണ്. പ്ലേ ഓഫ് ഘട്ടത്തിലേക്ക് അടുക്കുന്നതോടെ മത്സരങ്ങള്‍ കൂടുതല്‍ നിര്‍ണായകമാവുകയും പ്രേക്ഷകരുടെ ആവേശം ഉയരുകയും ചെയ്യും. എങ്കിലും പഴയ ഗ്ലാമര്‍ വീണ്ടെടുക്കണമെങ്കില്‍ ഐപിഎല്ലില്‍ പുതിയ താരങ്ങള്‍ ഉദയം ചെയ്യുകയും ഐപിഎല്ലിന്റെ മത്സരക്ഷമത ഉയരുകയും ചെയ്യേണ്ടതുണ്ട്.