ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സി മോശം, മുംബൈ നായകനാകേണ്ടത് സൂര്യ: ആര്‍ അശ്വിന്‍
കഴിഞ്ഞ 2 ഐപിഎല്‍ സീസണുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നില്ല.
ഐപിഎല്ലിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സിന്റെ നേതൃമാറ്റത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ടീമിന്റെ പ്രകടനം മോശമാണെന്നും മുംബൈ നായകനെ മാറ്റണമെന്നും തുറന്നടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നറായ രവിചന്ദ്ര അശ്വിന്‍. ഇന്ത്യയെ ടി20 ലോകകിരീടത്തിലേക്ക് നയിച്ച നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവായിരിക്കും മുംബൈയുടെ നായകസ്ഥാനത്തിന് കൂടുതല്‍ യോഗ്യനെന്നാണ് അശ്വിന്‍ പറയുന്നത്.
മുംബൈയ്ക്ക് 5 കിരീടങ്ങള്‍ നേടികൊടുത്ത രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും മാറ്റിയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകനെന്ന നിലയില്‍ മികവ് കാട്ടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്ക് മുംബൈ കൊണ്ടുവന്നത്. എന്നാല്‍ കഴിഞ്ഞ 2 ഐപിഎല്‍ സീസണുകളിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നില്ല. മികച്ച താരങ്ങളുണ്ടെങ്കിലും ഹാര്‍ദ്ദിക്കിന് ടീമിനെ ഒന്നിച്ച് കൊണ്ടുപോകാനും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാനും സാധിക്കുന്നില്ലെന്ന് അശ്വിന്‍ പറയുന്നു.
ഹാര്‍ദ്ദിക് മുംബൈയിലേക്ക് തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷകളും ഏറെയായിരുന്നു. ഇപ്പോള്‍ പലരും പറയുന്നു സൂര്യ ഇന്ത്യന്‍ ക്യാപ്റ്റനാണ്, ഐപിഎല്ലില്‍ പക്ഷേ ഹാര്‍ദ്ദിക്കിന്റെ കീഴില്‍ കളിക്കുന്നു. അങ്ങനെ ഒരു അവസ്ഥ ചലഞ്ചിങ്ങാണെന്നും അശ്വിന്‍ പറയുന്നു. ഒരു ടീമിനെ നയിക്കുമ്പോള്‍ ആരാധകരുടെ പിന്തുണയും കളിക്കാരുടെ വിശ്വാസവും ആര്‍ജ്ജിക്കാന്‍ ക്യാപ്റ്റന് കഴിയണം. ഇതില്‍ ഹാര്‍ദിക് പരാജയപ്പെടുന്നു എന്ന സൂചനയാണ് അശ്വിന്‍ നല്‍കുന്നത്.
