രേണുക വേണു|
Last Modified വെള്ളി, 13 മാര്‍ച്ച് 2026 (12:29 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ പലപ്പോഴും സഹോദരങ്ങള്‍ തിളങ്ങുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇര്‍ഫാന്‍ പത്താന്‍ - യൂസഫ് പത്താന്‍ പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന സഹോദരങ്ങളാണ് പാണ്ഡ്യ ബ്രദേഴ്‌സ്. ക്രിക്കറ്റ് കളത്തില്‍ മുംബൈയ്‌ക്കൊപ്പം ഒരുമിച്ചായിരുന്നുവെങ്കിലും നിലവില്‍ ഹാര്‍ദ്ദിക് മുംബൈയിലും ക്രുണാല്‍ ആര്‍സിബിയിലുമാണ്. ദേശീയ ടീമില്‍ ഹാര്‍ദ്ദിക് പ്രധാനതാരമായി ഉയര്‍ന്നപ്പോള്‍ ക്രുണാലിന് സ്ഥിരസാന്നിധ്യമായി മാറാന്‍ കഴിഞ്ഞില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ജീവിതത്തില്‍ വലിയ അടുപ്പമാണ് ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോഴിതാ ഇരുവര്‍ക്കും ഇടയിലെ ബന്ധം അത്ര ഊഷ്മളമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകകിരീടം സ്വന്തമാക്കിയിട്ടും ഹാര്‍ദ്ദിക്കിനെ അഭിനന്ദിച്ചുകൊണ്ട് ക്രുണാലും ഭാര്യ പംഖുരി ശര്‍മയും സോഷ്യല്‍ മീഡിയയില്‍ പോലും യാതൊരു പ്രതികരണവും നടത്താത്തതാണ് ആരാധകര്‍ക്കിടയില്‍ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ ഹാര്‍ദിക്കിന്റെ ഓരോ ചെറിയ നേട്ടവും ആഘോഷമാക്കിയിരുന്ന ക്രുനാല്‍, ഇത്തവണ സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ടീമിലെ ഭൂരിഭാഗം താരങ്ങളുടെയും ബന്ധുക്കള്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാണ്ഡ്യ കുടുംബത്തില്‍ നിന്നുള്ള ഈ മൗനം ഗൗരവകരമായ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
മോഡലും നടിയുമായ മഹീക ശര്‍മ്മയുമായി ഹാര്‍ദിക് പാണ്ഡ്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലോകകപ്പ് മത്സരങ്ങളില്‍ ഗാലറിയില്‍ മഹീകയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഹാര്‍ദിക്കിന്റെ മകന്‍ അഗസ്ത്യക്കൊപ്പം മഹീക സമയം ചെലവഴിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. മഹീക തന്റെ 'ലക്കി ചാം' ആണെന്ന് ഹാര്‍ദിക് പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാല്‍, മഹീകയുടെ കടന്നുവരവ് ക്രുനാലിനും കുടുംബത്തിനും താല്‍പ്പര്യമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സൂചനകള്‍.
ഹാര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞെങ്കിലും, ക്രുനാലും പംഖുരിയും ഇപ്പോഴും നടാഷയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ട്. കുടുംബബന്ധങ്ങളില്‍ വന്ന ഈ മാറ്റങ്ങളാണ് സഹോദരങ്ങള്‍ക്കിടയിലെ അകല്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ക്ക് സഹോദരങ്ങള്‍ കമന്റോ ലൈക്കോ ചെയ്യാറില്ലെന്നും ആരാധകര്‍ പറയുന്നു. വഡോദരയിലെ തെരുവുകളില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയിലെത്തിയ സഹോദരങ്ങള്‍ക്കിടയിലെ ഈ അകല്‍ച്ച ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും ഈ വിഷയത്തില്‍ പാണ്ഡ്യ സഹോദരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.