സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍
ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെന്നൈ കുപ്പായത്തില്‍ രണ്ടക്കം കാണാന്‍ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടില്ല.
ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടനേട്ടത്തിലേക്ക് നയിച്ചതില്‍ നിര്‍ണായകമായ പങ്കുവഹിച്ചതിന്റെ തിളക്കത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ഇക്കുറി ഐപിഎല്ലിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലെ താരത്തിന്റെ ആദ്യ സീസണെന്ന നിലയില്‍ സഞ്ജുവിന്റെ മുകളിലുള്ള പ്രതീക്ഷയും വാനോളമായിരുന്നു. തകര്‍പ്പന്‍ ഫോമിലുള്ള സഞ്ജു ചെന്നൈ ജേഴ്‌സിയില്‍ തകര്‍ത്താടുമെന്നായിരുന്നു ആരാധകരുടെയും പ്രതീക്ഷ. എന്നാല്‍ ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെന്നൈ കുപ്പായത്തില്‍ രണ്ടക്കം കാണാന്‍ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടില്ല.
ടി20 ലോകകപ്പില്‍ ലോകോത്തര ബൗളര്‍മാരെ നിലം പരിശാക്കിയ താരത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ എന്തുപറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യ 2 മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം വിലക്കെടുത്തിരുന്നില്ലെങ്കിലും ആര്‍സിബിക്കെതിരായ നിര്‍ണായക മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് സഞ്ജുവിനെതിരെ ആരാധകര്‍ തിരിഞ്ഞിരിക്കുന്നത്. സഞ്ജു സാംസണിന്റെ മോശം പ്രകടനം മാത്രമല്ല, മൈതാനത്തിലെ താരത്തിന്റെ ശരീരഭാഷ തന്നെ മോശമാണെന്നാണ് ചെന്നൈ ആരാധകര്‍ പറയുന്നത്.
സഞ്ജുവിന്റെ ശരീരഭാഷയില്‍ കാണുന്നത് താല്പര്യമില്ലായ്മയാണ്. മാനസികമായി നിങ്ങള്‍ക്ക് സമയം വേണമെങ്കില്‍ അത് എടുക്കുക. റണ്‍സ് മാത്രമല്ല. നിങ്ങളെ ഓരോ തവണ കാണുമ്പോഴും താല്പര്യമില്ലാതെ കളിക്കുന്നത് പോലെയാണ് തോന്നുന്നത്. ജയിക്കാനുള്ള ത്വര, ടീമിനോടുള്ള ആവേശമൊന്നും നിങ്ങളില്‍ കാണാനാകുന്നില്ല. താല്പര്യമില്ലെങ്കില്‍ നിര്‍ത്തുപോകു. ആരാധകരുടെ വികാരം വെച്ച് കളിക്കരുത്. എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.