വെറുതെ കൊണ്ടുവന്നതല്ലല്ലോ, റുതുവിനെ മാറ്റി സഞ്ജു നായകനാവട്ടെ, പുതിയ ചർച്ചയ്ക്ക് തിരികൊളുത്തി മുൻതാരം
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി പരാജയപ്പെട്ടതിന് പിന്നാലെ ചെന്നൈ നായകനായ റുതുരാജ് ഗെയ്ക്ക്വാദിനെതിരായ വിമര്‍ശനങ്ങള്‍ കടുക്കുന്നു. മത്സരത്തില്‍ താരത്തിന്റെ മെല്ലെപ്പോക്ക് ചെന്നൈയുടെ വിജയസാധ്യതകള്‍ ഇല്ലാതെയാക്കി എന്ന വിമര്‍ശനങ്ങള്‍ക്കിടെ നായകനായും താരം പരാജയമായെന്ന് തെളിഞ്ഞു കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മനോജ് തിവാരി.
അടുത്ത സീസണില്‍ നിലവിലെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെ ചെന്നൈ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്നും പകരം മലയാളി താരം സഞ്ജു സാംസണെ നായകനാക്കാന്‍ മാനേജ്മെന്റ് മുന്‍കൈ എടുക്കണമെന്നുമാണ് മുന്‍ താരം ആവശ്യപ്പെട്ടിരിക്കുന്നത്. എം.എസ് ധോണിയില്‍ നിന്ന് ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുത്ത റുതുരാജ് ഗെയ്ക്വാദിന് ഈ സീസണില്‍ ടീമിനെ പ്രതീക്ഷിച്ച വിജയങ്ങളിലേക്ക് നയിക്കാന്‍ സാധിച്ചിട്ടില്ല. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ റുതുരാജ് പരാജയപ്പെടുന്നുവെന്നാണ് താരത്തിനെതിരായ പ്രധാന വിമര്‍ശനം. കൂടാതെ ബാറ്ററെന്ന നിലയിലും റുതുരാജ് പരാജയപ്പെട്ടതോടെയാണ് വിമര്‍ശനങ്ങള്‍ കടുത്തിരിക്കുന്നത്.
ചെന്നൈ നായകസ്ഥാനം റുതുരാജിന്റെ സ്വാഭാവികമായ ബാറ്റിങ്ങിനെ പോലും ബാധിക്കുന്നുണ്ട്. ധോനിയുടെ പകരക്കാരനാവുക എന്നത് വലിയ സമ്മര്‍ദ്ദമാണ്. അതുകൊണ്ട് റുതുരാജിനെ ആ ഭാരത്തില്‍ നിന്ന് മോചിപ്പിച്ച് സഞ്ജുവിനെപ്പോലൊരു മികച്ച ലീഡറെ ചെന്നൈ എത്തിക്കണമെന്നാണ് മനോജ് തിവാരി വ്യക്തമാക്കുന്നത്. സഞ്ജു സാംസണ് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുള്ള പരിചയമുണ്ട്. ക്യാപ്റ്റന്‍സി ഭാരം ഉണ്ടായിട്ടും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ടെന്നും തിവാരി പറയുന്നു.
കളിയിലെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശാന്തനായിരിക്കാനും യുവതാരങ്ങളെ പിന്തുണയ്ക്കാനും സഞ്ജുവിന് പ്രത്യേക കഴിവുണ്ട്. ഇത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ 'കൂള്‍' സംസ്‌കാരത്തിന് ഏറ്റവും അനുയോജ്യന്‍ സഞ്ജുവാണ്. കൂടാതെ ധോനിക്ക് പകരക്കാരന്‍ എന്ന നിലയിലാണ് ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചത്. സഞ്ജുവിനെ നായകനാക്കുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാകും. ക്യാപ്റ്റന്‍സി ഒഴിയുന്നതോടെ സ്വന്തം മികവിലേക്ക് തിരിച്ചെത്താന്‍ റുതുരാജിനും സാധിക്കും.മനോജ് തിവാരി വ്യക്തമാക്കി.