ഐപിഎല്ലിൽ ചെന്നൈക്ക് തിരിച്ചടി, ഡെവാൾഡ് ബ്രെവിസിന് പരിക്ക്, രാജസ്ഥാനെതിരെ കളിക്കില്ല
രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണ്ണായക പോരാട്ടത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫ്‌ലെമിംഗ് ഇക്കാര്യം അറിയിച്ചത്.
ഐപിഎല്‍ 19-ാം സീസണിനായി തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടിയായി യുവതാരം ഡെവാല്‍ഡ് ബ്രെവിസിന്റെ പരിക്ക്.കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരത്തിന് വരാനിരിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്ന് സിഎസ്‌കെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് സ്ഥിരീകരിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണ്ണായക പോരാട്ടത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫ്‌ലെമിംഗ് ഇക്കാര്യം അറിയിച്ചത്.
പരിശീലന സെഷനിടെയാണ് ദക്ഷിണാഫ്രിക്കന്‍ താരമായ ബ്രെവിസിന് പരിക്കേറ്റത്. 'നിര്‍ഭാഗ്യവശാല്‍ ബ്രെവിസിന് പരിക്കേറ്റിരിക്കുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ താരം കളിക്കില്ല. നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. പരിക്കിന്റെ ഗൗരവം പരിശോധിച്ച ശേഷം മാത്രമേ മറ്റ് വിവരങ്ങള്‍ പറയാനാകു. ഫ്‌ലെമിങ് മാധ്യമങ്ങളോട് പറഞ്ഞു. 'ബേബി എബിഡി' എന്നറിയപ്പെടുന്ന ബ്രെവിസ് ഈ സീസണില്‍ ചെന്നൈ ഏറെ പ്രതീക്ഷ വെയ്ക്കുന്ന യുവതാരമാണ്. മധ്യനിരയില്‍ അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ ശേഷിയുള്ള ബ്രെവിസും ശിവം ദുബെയുമാണ് ഇക്കുറി ചെന്നൈ മധ്യനിരയുടെ നട്ടെല്ല്. ബ്രെവിസിന്റെ അഭാവത്തില്‍ ആരാകും പകരക്കാരനായി എത്തുക എന്ന് വ്യക്തമല്ല. നിലവില്‍ സര്‍ഫറാസ് ഖാന്‍, കാര്‍ത്തിക് ശര്‍മ, മാത്യു ഷോര്‍ട്ട് തുടങ്ങി ഒരുപിടി താരങ്ങള്‍ ചെന്നൈ പകരക്കാരുടെ ലിസ്റ്റിലുണ്ട്.