Devdutt Padikkal: 'സെലക്ടർമാർ ഇത് കാണണം'; വിസ്മയിപ്പിക്കുന്ന മാറ്റവുമായി ദേവ്ദത്ത് പടിക്കൽ
2025 ൽ ആർസിബി ഐപിഎൽ കിരീടം ചൂടിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് പടിക്കൽ
Devdutt Padikkal
Devdutt Padikkal: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് വിക്കറ്റിനു ജയിച്ചപ്പോൾ ഏറ്റവും നിർണായകമായ ഒരു ഇന്നിങ്‌സായിരുന്നു ദേവ്ദത്ത് പടിക്കലിന്റേത്. ആർസിബിക്കായി വൺഡൗൺ ബാറ്ററായി ക്രീസിലെത്തിയ പടിക്കൽ 27 പന്തിൽ ആറ് സിക്‌സും രണ്ട് ഫോറും സഹിതം 203.70 സ്‌ട്രൈക് റേറ്റിൽ 55 റൺസാണ് നേടിയത്.
2025 ൽ ആർസിബി ഐപിഎൽ കിരീടം ചൂടിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് പടിക്കൽ. 'ബോൾ വിഴുങ്ങി' എന്ന് ക്രിക്കറ്റ് ആരാധകർ പരിഹസിച്ചിടത്തു നിന്ന് ആദ്യബോൾ മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിയിലേക്കുള്ള പടിക്കലിന്റെ മാറ്റം ഇന്ത്യൻ സെലക്ടർമാർ ഗൗരവമായി കാണണം. 2024 വരെ പടിക്കൽ 99 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്‌ട്രൈക് റേറ്റ് വെറും 131.98 ആണ്. ട്വന്റി 20 യിൽ ഏകദിനം കളിക്കുന്നു എന്നതായിരുന്നു പടിക്കലിനെതിരായ പരാതി.
2024 നു ശേഷം 22 ഇന്നിങ്‌സുകളിൽ ദേവ്ദത്ത് പടിക്കലിന്റെ സ്‌ട്രൈക് റേറ്റ് 165.36 ആണ് ! ഈ സീസണിൽ ആകട്ടെ 184.07 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് ചെയ്യുന്നത്. ഏഴ് കളികളിൽ നിന്ന് 208 റൺസ് നേടികഴിഞ്ഞു പടിക്കൽ. കഴിഞ്ഞ സീസണിൽ 10 കളികലിൽ നിന്ന് 150.61 സ്‌ട്രൈക് റേറ്റിൽ 247 റൺസെടുത്തു. കഴിഞ്ഞ സീസണിൽ 10 കളികളിൽ നിന്ന് 14 സിക്‌സുകളാണ് നേടിയതെങ്കിൽ ഈ സീസണിൽ ഏഴ് കളികളിൽ നിന്ന് 13 സിക്‌സുകൾ നേടിക്കഴിഞ്ഞു. ആക്രമണകാരിയായ ബാറ്റർ എന്ന നിലയിലേക്കുള്ള പടിക്കലിന്റെ മാറ്റം ഇന്ത്യയുടെ ടി20 ടീമിൽ സ്ഥാനം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.