തോളിന് പരിക്കേറ്റ സാൻ്റനർക്ക് കൺകഷൻ സബ്ബോ?, അതെങ്ങനെ നടക്കും, വിശദീകരണവുമായി ജയവർധനെ
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ചുമലിനേറ്റ പരിക്കിനെ തുടര്‍ന്ന് മുംബൈ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റനറുടെ ടൂര്‍ണമെന്റിലെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. ചെന്നൈ ഇന്നിംഗ്‌സിന്റെ 17-ാം ഓവറില്‍ കാര്‍ത്തിക് ശര്‍മ്മയുടെ ക്യാച്ചെടുക്കുവാനുള്ള ശ്രമത്തിനിടെയാണ് സാന്റനറുടെ തോളെല്ലിന് പരിക്കേറ്റത്. സാന്റനര്‍ക്ക് പകരം ഷാര്‍ദൂല്‍ താക്കൂറാണ് കണ്‍കഷന്‍ സബ്ബായി മത്സരത്തില്‍ ഇറങ്ങിയത്.
ചുമലിന് പരിക്കേറ്റ മിച്ചല്‍ സാന്റ്‌നര്‍ക്ക് പകരം കോണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഷാര്‍ദൂല്‍ താക്കൂര്‍ എങ്ങനെ ഇറങ്ങി? എന്ന ചോദ്യമാണ് മത്സരത്തിന് പിന്നാലെ ആരാധകര്‍ ഉന്നയിക്കുന്നത്. ഇതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുംബൈ പരിശീലകനായ മഹേള ജയവര്‍ധനെ. സാധാരണഗതിയില്‍ തലയ്‌ക്കോ കഴുത്തിനോ പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ മാത്രമേ കോണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഈ പകരക്കാരന്‍ ഒരു 'ലൈക്-ഫോര്‍-ലൈക്' കളിക്കാരന്‍ ആയിരിക്കണം. അതായത് ഒരേ ശേഷിയുള്ള ആള്‍. മാച്ച് റഫറിയുടെ അനുമതി കൂടാതെ ഈ സബ്സ്റ്റിറ്റിയൂഷന്‍ സാധ്യവുമല്ല. പ്ലെയിങ് ഇലവന്റെ ഭാഗമായ ഈ കളിക്കാരനെ തിരിച്ചെടുക്കാനും സാധിക്കില്ല.
മത്സരത്തില്‍ തോളെല്ലിന് പരിക്കേറ്റ സാന്റനര്‍ക്ക് കടുത്ത തലക്കറക്കവും അസ്വസ്ഥതയും ഉണ്ടായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ടായതുകൊണ്ടാണ് കണ്‍കഷന്‍ സബിനായി അപേക്ഷിച്ചതെന്ന് ജയവര്‍ധനെ പറയുന്നു. മാച്ച് റഫറിയും അമ്പയര്‍മാരും സാഹചര്യം ബോധ്യപ്പെട്ട ശേഷമാണ് ഷാര്‍ദുലിനെ കണ്‍കഷന്‍ സബായി അനുവദിച്ചതെന്നും ജയവര്‍ധനെ പറഞ്ഞു.
അതേസമയം പരിക്കിനെ തുടര്‍ന്ന് വിദഗ്ദ പരിശോധനകള്‍ക്കായി സാന്റനറെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്‌കാനിങ്ങിന് ശേഷമെ പരിക്കിന്റെ ഗൗരവം വ്യക്തമാവുകയുള്ളു. ഐപിഎല്ലില്‍ പോയന്റ് പട്ടികയില്‍ പിന്നില്‍ നില്‍ക്കുന്ന മുംബൈയ്ക്ക് വരും മത്സരങ്ങളിലെ സാന്റനറുടെ അഭാവം വലിയ വെല്ലുവിളിയാകും സൃഷ്ടിക്കുക.