Vaibhav Suryavanshi : പയ്യൻ വന്നല്ലെ ഉള്ളു, അപ്പോഴേക്കും 100 സിക്സോ!, വമ്പൻ റെക്കോർഡിട്ട് വൈഭവ് സൂര്യവംശി
മൊഹമ്മദ് സിറാജിന്റെ പന്തിലാണ് താരം തന്റെ നൂറാം സിക്‌സര്‍ സ്വന്തമാക്കിയത്.
സിക്‌സര്‍ വേട്ടയില്‍ ലോക റെക്കോര്‍ഡിട്ട് വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് ടി20 ക്രിക്കറ്റില്‍ 100 സിക്‌സുകളെന്ന നേട്ടം താരം സ്വന്തമാക്കിയത്. 20 വയസിന് മുന്‍പ് ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ 99 സിക്‌സുകളാണ് വൈഭവിന്റെ പേരിലുണ്ടായിരുന്നത്. മൊഹമ്മദ് സിറാജിന്റെ പന്തിലാണ് താരം തന്റെ നൂറാം സിക്‌സര്‍ സ്വന്തമാക്കിയത്.
വെറും 514 പന്തുകളില്‍ നിന്നാണ് 100 സിക്‌സുകള്‍ എന്ന നാഴികകല്ല് വൈഭവ് പിന്നിട്ടത്. നേരത്തെ വെസ്റ്റിന്‍ഡീസ് ഇതിഹാസം കെയ്‌റോണ്‍ പൊള്ളാര്‍ഡ് 843 പന്തുകളില്‍ നേടിയ റെക്കോര്‍ഡാണ് താരം മറികടന്നത്. ഗുജറാത്തിനെതിരെ 16 പന്തില്‍ 3 സിക്‌സും 3 ഫോറും നേടി 36 റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്. ഐപിഎല്ലില്‍ ഈ സീസണില്‍ 40 സിക്‌സുകള്‍ വൈഭവ് സ്വന്തമാക്കി കഴിഞ്ഞു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ എന്ന റെക്കോര്‍ഡ് നിലവില്‍ വിന്‍ഡീസ് താരമായ ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 59 സിക്‌സുകളായിരുന്നു താരം ഒരു സീസണില്‍ അടിച്ചുകൂട്ടിയത്.3 മത്സരങ്ങളും പ്ലേ ഓഫ് സാധ്യതയും ബാക്കിനില്‍ക്കുന്നതിനാല്‍ ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരം വൈഭവിന് മുന്നിലുണ്ട്.