1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rajat Patidar stands alongside MS Dhoni and Rohit Sharma in IPL Captaincy Record

Rajat Patidar : ധോണിക്കും രോഹിത്തിനുമൊപ്പം ഇനി രജത് പാട്ടിദാറും! ക്യാപ്റ്റൻസിയിൽ ചരിത്ര റെക്കോർഡുമായി ആർസിബി നായകൻ

Rajat patidar, IPL Captains, Rohit Sharma, M S Dhoni, IPL Finals, RCB
ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായകന്മാരായാണ് രോഹിത് ശര്‍മ, മഹേന്ദ്ര സിംഗ് ധോനി എന്നിവരെ കണക്കാക്കാറുള്ളത്. പല ടീമുകളും പ്ലേ ഓഫ് എത്താന്‍ കഷ്ടപ്പെടുമ്പോള്‍ 5 കിരീടങ്ങളാണ് ഈ നായകന്മാര്‍ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ പല വമ്പന്മാര്‍ കളിച്ച ഫ്രാഞ്ചൈസിയാണെങ്കിലും വിരാട് കോലിയുടെ ആര്‍സിബിക്ക് ഐപിഎല്‍ കിരീടം കഴിഞ്ഞ വര്‍ഷം വരെ സ്വന്തമാക്കാനായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കിരീടനേട്ടത്തിന് ശേഷം ഈ വര്‍ഷവും ഫൈനല്‍ യോഗ്യത സ്വന്തമാക്കിയിരിക്കുകയാണ് ആര്‍സിബി. രജത് പാട്ടീധാര്‍ എന്ന നായകന് കീഴിലാണ് ആര്‍സിബിയുടെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
 
 2025, 2026 സീസണുകളില്‍ തുടര്‍ച്ചയായി ആര്‍സിബിയെ ഫൈനലില്‍ എത്തിച്ചതോടെ രോഹിത് ശര്‍മ, എം എസ് ധോനി എന്നിവരുള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ നായകനെന്ന നിലയില്‍ ഇടം പിടിച്ചിരിക്കുകയാണ് രജത് പാട്ടീധാര്‍.
 
 ഫൈനല്‍ പ്രവേശനത്തോടെ ഐപിഎല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ സ്വന്തം ടീമിനെ ഫൈനലിലേക്ക് നയിക്കുന്ന അഞ്ചാമത്തെ മാത്രം ക്യാപ്റ്റനായി രജത് പാട്ടിദാര്‍ മാറി. അനില്‍ കുംബ്ലെ, ഡാനിയല്‍ വെട്ടോറി, വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് തുടങ്ങിയ പ്രഗത്ഭര്‍ക്ക് സാധിക്കാതിരുന്ന നേട്ടമാണ് നായകനായുള്ള ആദ്യ രണ്ട് വര്‍ഷങ്ങളില്‍ തന്നെ പാട്ടിദാര്‍ ബെംഗളൂരുവിന് നേടിക്കൊടുത്തത്.
 
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ടീമിനെ ഫൈനലിലെത്തിച്ച നായകന്മാര്‍
 
എം.എസ്. ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ് - 2010, 2011)
രോഹിത് ശര്‍മ്മ (മുംബൈ ഇന്ത്യന്‍സ് - 2019, 2020)
ഹാര്‍ദിക് പാണ്ഡ്യ (ഗുജറാത്ത് ടൈറ്റന്‍സ് - 2022, 2023)
ശ്രേയസ് അയ്യര്‍ (കെകെആര്‍/പഞ്ചാബ് കിങ്‌സ് - 2024, 2025)
രജത് പാട്ടിദാര്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - 2025, 2026)
 
റണ്‍സിന്റെ മാര്‍ജിന്‍ അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ഐപിഎല്‍ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണ് ആര്‍സിബി ധര്‍മ്മശാലയില്‍ കുറിച്ചത്. 2008-ല്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ റോയല്‍സ് നേടിയ 105 റണ്‍സ് വിജയമാണ് ഇതില്‍ ഒന്നാമത്. ഗുജറാത്തിനെതിരെ 92 റണ്‍സിന്റെ വിജയമാണ് ആര്‍സിബി കുറിച്ചത്. 33 പന്തില്‍ 9 സിക്‌സും 5 ഫോറും സഹിതം 93 റണ്‍സെടുത്ത പാട്ടീധാറിന്റെ പ്രകടനമായിരുന്നു മത്സരത്തില്‍ നിര്‍ണായകമായത്.
 
 കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ വെച്ച് ആര്‍സിബിയുടെ 18 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച പാട്ടിദാറിന് ഈ വര്‍ഷം ഐപിഎല്‍ വിജയിക്കാനായാല്‍  ധോണിക്കും രോഹിത്തിനും ശേഷം തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ ട്രോഫികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനെന്ന നേട്ടവും സ്വന്തമാക്കാന്‍ സാധിക്കും.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
3 സീസണുകളില്‍ 25 വിക്കറ്റ്, ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യം: വമ്പന്‍ നേട്ടം കുറിച്ച് കഗിസോ റബാഡ