അഭിറാം മനോഹർ|
Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (12:21 IST)
യുഎസ് - ഇറാന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായേലിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഇറാനുമായുള്ള ചര്‍ച്ചയില്‍ തങ്ങളോട് കൂടിയാലോചിക്കാതെ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതാണ് ഇസ്രായേലിന്റെ അതൃപ്തിക്ക് കാരണമായതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള തീരുമാനം അമേരിക്ക ഇസ്രയേലിനെ അറിയിച്ചില്ലെന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ചര്‍ച്ചകളില്‍ നിന്നെല്ലാം ഇസ്രായേല്‍ പ്രതിനിധികളെ ഒഴിവാക്കിയെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസമാണ് യുഎസും ഇസ്രായേലും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. ട്രംപ് നല്‍കിയ അന്തിമശാസനം അവസാനിക്കാന്‍ 90 മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ അവസാന നിമിഷം വരെ തങ്ങളെ വിവരങ്ങള്‍ അറിയിച്ചില്ലെന്നാണ് ഇസ്രായേലിന്റെ പ്രധാന പരാതി. തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ അമേരിക്ക ഏകപക്ഷീയമായി തീരുമാനമെടുത്തത് ഇറാനു മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നത് അവര്‍ക്ക് ശക്തി പകരുമെന്ന് ഇസ്രായേല്‍ ആശങ്കപ്പെടുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ലെബനനെതിരായ ആക്രമണം ഇസ്രായേല്‍ ശക്തമാക്കി. ലെബനനില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ കരാറില്‍ നിന്നും പിന്മാറുമെന്നും ഇറാനും വ്യക്തമാക്കി. ഇതിന് പിന്നാലെ ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.