ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ
സണ്ണി ജോസഫ് മന്ത്രിയായതിനെ തുടര്‍ന്ന് 2 മാസങ്ങളിലായി അധ്യക്ഷനില്ലാതെയാണ് കെപിസിസി പ്രവര്‍ത്തിക്കുന്നത്.
സണ്ണി ഓസഫിന്റെ പിന്‍ഗാമിയായി ഷാഫി പറമ്പില്‍ എം പിയെ കെപിസിസി അധ്യക്ഷ പദവിയിലെത്തിക്കാന്‍ ചരട് വലിയുമായി കെസി വേണുഗോപാല്‍ പക്ഷം. കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി പുനഃസംഘടനയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ മുന്‍ഗണനയായുള്ളത്. ഈ പശ്ചാത്തലത്തിലാണ് കെ സി പക്ഷം നീക്കങ്ങള്‍ ഊര്‍ജിതമാക്കിയത്.
സണ്ണി ജോസഫ് മന്ത്രിയായതിനെ തുടര്‍ന്ന് 2 മാസങ്ങളിലായി അധ്യക്ഷനില്ലാതെയാണ് കെപിസിസി പ്രവര്‍ത്തിക്കുന്നത്. പുനഃസംഘടന നടക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പല തവണ വിഷയം ചൂണ്ടിക്കാണിച്ചിട്ടും എഐസിസി ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോവുകയായിരുന്നു. ഇതിനിടെ അധ്യക്ഷ പദവിയ്ക്കായി എം പിമാരായ ആന്റോ ആന്റണിയും കൊടിക്കുന്നില്‍ സുരേഷും ലോബിയിങ് ശക്തമാക്കിയിരുന്നു.
ദളിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനെ കെപിസിസി അധ്യക്ഷനാക്കുന്നതില്‍ എഐസിസി പ്രസിഡന്റ് മല്ലികാരുന്‍ ഖാര്‍ഗെയ്ക്ക് താല്പര്യമുണ്ട്. ഇത് പിന്നോക്കവിഭാഗക്കാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുമെന്നാണ് ഖാര്‍ഗെയുടെ വാദം. എന്നാല്‍ പ്രിയങ്കാ ഗാന്ധിക്ക് ആന്റോ ആന്റണിയെ അധ്യക്ഷനാക്കുന്നതിലാണ് താല്പര്യമെന്നാണ് സൂചന. രാഹുല്‍ പക്ഷേ ഇക്കാര്യത്തില്‍ വ്യക്തത അറിയിച്ചിട്ടില്ല.
ഷാഫി പറമ്പിലിനെ മുന്‍നിര്‍ത്തുന്നതിലൂടെ യുവാക്കളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ആകര്‍ഷിക്കാനാകുമെന്നാണ് കെ സി പക്ഷം ഉയര്‍ത്തുന്ന വാദം. മുഖ്യമന്ത്രി പദം നഷ്ടമായ കെ സി പക്ഷത്തിന് കേരളത്തിലെ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ താല്പര്യമുണ്ട്. കെപിസിസിക്ക് ശക്തമായ നേതൃത്വം ഇല്ലാത്ത നിലയില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാന്‍ ഷോയാണ് നടക്കുന്നതെന്ന പരാതി കെ സി പക്ഷത്തിനുണ്ട്. നേതൃത്വത്തിന് മുകളില്‍ പാര്‍ട്ടിക്ക് കര്‍ശനമായ നിയന്ത്രണം വേണമെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്.
സണ്ണി ജോസഫിന്റെ പിന്‍ഗാമിയായി നേരത്തെ ബെന്നി ബഹന്നാന്റെ പേരും സജീവമായി ഉയര്‍ന്നു വന്നിരുന്നു. മാത്യു കുഴല്‍നാടന്റെ പേരും പരിഗണനയിലുണ്ടെങ്കിലും കെ സിയുടെ താല്പര്യത്തിനാകും മുന്‍തൂക്കം ലഭിക്കുക. മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടതിനാല്‍ കെ സിയുടെ സമ്മര്‍ദ്ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങാനാണ് സാധ്യതയേറെയും.