1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Taliban Introduce new criminal code in afghanistan

അടിമത്തം നിയമവിധേയം, സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ക്ക് തല്ലാം, ഇരുളടഞ്ഞ് കാലത്തേക്ക് അഫ്ഗാനെ തള്ളി താലിബാന്റെ പുതിയ ക്രിമിനല്‍ നിയമം

Taliban
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍ മനുഷ്യാവകാശ വിരുദ്ധമെന്ന് ആക്ഷേപം. രാജ്യത്തെ ധ്യകാലഘട്ടത്തിലെ ക്രൂരനിയമങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ 'ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിനാണ് താലിബാന്‍ അംഗീകാരം നല്‍കിയത്. സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ച് ഒരു കുറ്റത്തിന് തന്നെ വിവിധ ശിക്ഷകള്‍ ഉള്‍പ്പടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
 
 
മുല്ലമാര്‍ക്ക് പ്രത്യേക പരിഗണന, സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണം
 
പുതിയ നിയമപ്രകാരം അഫ്ഗാന്‍ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു. ഇതില്‍ മതപണ്ഡിതര്‍ക്കും മുല്ലാമാര്‍ക്കും നിയമത്തിന് മുന്നില്‍ പ്രത്യേക പരിരക്ഷയുണ്ടാകും. അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയേക്കാള്‍ ഉപദേശങ്ങള്‍ക്കും മതപരമായ തിരുത്തലുകള്‍ക്കുമാണ് മുന്‍ഗണന. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ നിയമം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് പോലും പുതിയ നിയമപ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, ചര്‍മ്മം മുറിയാത്ത രീതിയിലോ എല്ലുകള്‍ക്ക് പരിക്കേല്‍ക്കാത്ത രീതിയിലോ ഭാര്യമാരെ 'ശിക്ഷിക്കാന്‍' ഭര്‍ത്താക്കന്മാര്‍ക്ക് പുതിയ നിയമം അധികാരം നല്‍കുന്നു.
 
നിയമവിധേയമാകുന്ന അടിമത്തം
 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അടിമത്തം ഔദ്യോഗികമായി അംഗീകരിക്കുന്നു എന്നതാണ് ഈ നിയമത്തിന്റെ ഏറ്റവും ഭീതിദമായ ഉള്ളടക്കം. നിയമസംഹിതയിലെ വിവിധ വകുപ്പുകളില്‍ 'ഗുലാം' (അടിമ) എന്ന പദം ഉപയോഗിക്കുന്നതിലൂടെ അടിമത്ത സമ്പ്രദായത്തെ ഭരണകൂടം തിരികെ കൊണ്ടുവരികയാണ് താലിബാന്‍ ചെയ്യുന്നത്. പൗരന്മാരുടെ മൗലികാവകാശങ്ങളെ പൂര്‍ണ്ണമായും നിഷേധിക്കുന്ന നീക്കമാണിതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 
 
താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‌സാദ ഒപ്പുവെച്ച 119 ആര്‍ട്ടിക്കിളുകളുള്ള നിയമം ഇതിനോടകം തന്നെ പ്രാദേശിക കോടതികളില്‍ നടപ്പിലാക്കിത്തുടങ്ങി. പ്രതികള്‍ക്ക് അഭിഭാഷകരെ നിയമിക്കാനുള്ള അവകാശമോ കോടതിയില്‍ നിശബ്ദത പാലിക്കാനുള്ള അവകാശമോ പുതിയ നിയമം നല്‍കുന്നില്ല. കുറ്റസമ്മത മൊഴികളുടെയും സാക്ഷിമൊഴികളുടെയും മാത്രം അടിസ്ഥാനത്തില്‍ ദ്രുതഗതിയിലുള്ള ശിക്ഷാവിധികളാണ് ഇനി അഫ്ഗാനില്‍ നടപ്പിലാവുക.
 
താലിബാന്റെ തിരിച്ചുവരവിന് ശേഷം അഫ്ഗാന്‍ ജനത നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഈ നിയമപരിഷ്‌കാരമെന്ന് ലോകരാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ പൂര്‍ണ്ണമായും മതപരമായ വ്യാഖ്യാനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വഴിമാറ്റുന്നത് അഫ്ഗാന്‍ സമൂഹത്തെ കൂടുതല്‍ ഒറ്റപ്പെടുത്താനേ ഉപകരിക്കൂ.
അടുത്ത ലേഖനം
തൃത്താലയില്‍ എം.ബി.രാജേഷ് - വി.ടി.ബല്‍റാം പോര് വീണ്ടും