അനുബന്ധ വാര്‍ത്തകള്‍
Kerala Weather: വേനൽമഴ തുടരും, കാലവർഷം നീളും; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം
Kerala Weather: സംസ്ഥാനത്ത് വേനൽമഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.