പാക് അധീന കശ്മീരിൽ അസ്വസ്ഥത പുകയുന്നു, പ്രതിഷേധക്കാർക്കെതിരെ ഏറ്റുമുട്ടി പാക് സുരക്ഷാസേന, 20 മരണം
റാവല്‍കോട്ടയിലെ ഡ്രെയ്ക് എട്ടാം മേഖലയിലാണ് വലിയ സംഘര്‍ഷമുണ്ടായത്.
പാക് അധീന കശ്മീര്‍ നിയമസഭയിലേക്ക് കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട വോട്ടെടുപ്പിനെ തുടര്‍ന്ന് വ്യാപകമായ സംഘര്‍ഷം. തിങ്കളാഴ്ചയാണ് പ്രവിശ്യയില്‍ വോട്ടെടുപ്പ് നടന്നത്. തിരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ പാക് സുരക്ഷാസേന നടത്തിയ ശ്രമത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.
റാവല്‍കോട്ടയിലെ ഡ്രെയ്ക് എട്ടാം മേഖലയിലാണ് വലിയ സംഘര്‍ഷമുണ്ടായത്. പോലീസ് വെടിവെപ്പില്‍ തങ്ങളുടെ 14 അംഗങ്ങള്‍ കൊല്ലപ്പെട്ടതായി പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. സംഘടനയുടെ സ്ഥാപകാംഗവും വക്താവുമായ ഉമര്‍ നലീര്‍ കശ്മീരിയുടെ സഹോദരന്‍ ഉസ്മാന്‍ നസീറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രക്ഷോഭകരാണ് പോലീസിന് നേരെ ആദ്യം വെടിയുതിര്‍ത്തതെന്ന് സൈന്യം ആരോപിച്ചു. മുസാഫറാബാദിലേക്ക് ഇതിനെ തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് നടന്നു.
പാക് അധീന കശ്മീര്‍ നിയമസഭയിലേക്കുള്ള 12 അഭയാര്‍ഥി സംവരണസീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 9 മുതല്‍ ജെ എ എ സിയുടെ നേതൃത്വത്തില്‍ മേഖലയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായ വ്യക്തിയെ അധികാരത്തിലെത്തിക്കാന്‍ മാത്രമായാണ് തിരെഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ജൂണ്‍ മുതല്‍ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 80 പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. എന്നാല്‍ ഇത് 400ന് മുകളിലാണെന്ന് ജെ എ എ സി വ്യക്തമാക്കുന്നു. ഫെഡറല്‍ സര്‍ക്കാരും പ്രാദേശിക സര്‍ക്കാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ച് പിഒകെ കാലങ്ങളായി ജനകീയമായ സമരങ്ങളിലാണ്.