അനുബന്ധ വാര്‍ത്തകള്‍
- Iran Protests : ഇറാനിൽ പ്രതിഷേധം ഇരമ്പുന്നു, 45 പേർ കൊല്ലപ്പെട്ടു, രാജ്യവ്യാപകമായി ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി ഭരണകൂടം
- Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം
- Delhi Red Fort Blast: ഡൽഹിയിൽ വൻ സ്ഫോടനം, 9 പേർ മരിച്ചതായി റിപ്പോർട്ട്, മരണസംഖ്യ ഉയർന്നേക്കാം
- പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
- അമീബിക് മസ്തിഷ്കജ്വരം; സംസ്ഥാനത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ട് മരണം കൂടി
Iran Protests: പ്രതിഷേധക്കാരെ അടിച്ചമർത്തി ഇറാൻ, ടെഹ്റാനിൽ മാത്രം 200 മരണമെന്ന് റിപ്പോർട്ട് ഭൂരിഭാഗവും യുവജനങ്ങൾ
ടെഹ്റാന്: കടുത്ത സാമ്പത്തിക പ്രതിസന്ധിയേയും ഭരണകൂട അടിച്ചമര്‍ത്തലിനെതിരെയും ഡിസംബര്‍ അവസാനം ഇറാനില്‍ ആരംഭിച്ച രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 200 ലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ ആറ് ആശുപത്രികളില്‍ മാത്രം 217 പ്രതിഷേധക്കാരുടെ മരണം രേഖപ്പെടുത്തിയതായി സ്വകാര്യ വൃത്തങ്ങള്‍ പറയുന്നു. ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാന്റെ 31 പ്രവിശ്യകളിലും സമരം വ്യാപിച്ചതോടെ ആയത്തുള്ള അലി ഖമനേയിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രതിസന്ധിയിലാണ്. ആദ്യം സാമ്പത്തിക പ്രശ്നങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളായാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇസ്ലാമിക് ഭരണത്തെത്തന്നെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ സമരമായി ഇത് രൂപപ്പെടുകയായിരുന്നു.
ടെഹ്റാനിലെ പഴക്കമുള്ള ഗ്രാന്‍ഡ് ബസാറില്‍ വ്യാപാരികള്‍ സമരം തുടങ്ങിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. റിയാല്‍ കറന്‍സി റെക്കോര്‍ഡ് താഴ്ചയിലെത്തിയതും പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനയും സാമ്പത്തിക അസ്ഥിരതയും പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടി. ഇറാന്റെ പരമോന്നത നേതാവ് ഖമേയി പ്രതിഷേധക്കാരെ അട്ടിമറിക്കാര്‍, കലാപകാരികള്‍ എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്. കലാപകാരികളോട് യാതൊരു ഇളവും നല്‍കില്ലെന്നും ഖമനേയി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പ്രതിഷേധക്കാര്‍ക്കെതിരായ നടപടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്കി.പ്രതിഷേധക്കാരെ കൊല്ലുന്നത് തുടര്‍ന്നാല്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ട്രംപ് അറിയിച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഴാഴ്ച രാത്രി മുതല്‍ രാജ്യത്തുടനീളം ഇന്റര്‍നെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ടെലിഫോണ്‍ കണക്ഷനുകളും നിര്‍ത്തിവച്ചു. രാജ്യം വിട്ട ഇറാന് കിരീടാവകാശി റെസ പഹ്ലവി സമരം നടത്താന്‍ ആഹ്വാനം ചെയ്തതോടെയാണ് വന്‍തോതില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്.
'സ്വേച്ഛാധിപതിയ്ക്ക് മരണം', 'ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ടെഹ്റാനിലെ പല പ്രദേശങ്ങളിലും മുഴങ്ങി. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പുള്ള ഷാ ഭരണകാലത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്, ഇത് ഇറാനിയന്‍ ഭരണകൂടത്തോടുള്ള ജനരോഷമാണ് കാണിക്കുന്നത്. 2022-ല്‍ മഹ്സ അമീനിയുടെ കസ്റ്റഡി മരണത്തിന് ശേഷം ഉണ്ടായ 'വുമണ്‍, ലൈഫ്, ഫ്രീഡം' പ്രതിഷേധങ്ങളെക്കാള്‍ കൂടുതല്‍ സംഘടിതമാണ് നിലവിലെ പ്രതിഷേധങ്ങള്‍.
ഇസ്രായേലുമായുള്ള സംഘര്‍ഷത്തിലും ആണവപദ്ധതിയിലുമുണ്ടായ തിരിച്ചടികള്‍, സാമ്പത്തിക ഉപരോധങ്ങള്‍ കാരണം തകര്‍ന്ന സമ്പദ്വ്യവസ്ഥ, ലെബനനിലെ ഹിസ്ബുള്ള, സിറിയയിലെ അസദ് ഭരണം എന്നിവയുടെ പതനം എന്നിവയെല്ലാം ഇറാനിയന്‍ ഭരണകൂടത്തെ കൂടുതല്‍ ദുര്‍ബലമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഉപരോധം മൂലം ഇപ്പോള്‍ ഒരു അമേരിക്കന്‍ ഡോളറിന് 1.4 ദശലക്ഷം റിയാല്‍ എന്ന നിരക്കിലാണ് ഇറാനിയന്‍ കറന്‍സി ട്രേഡ് ചെയ്യപ്പെടുന്നത്. ഇതാണ് സാമ്പത്തികമായി ഇറാനെ തകര്‍ക്കുകയും ജനങ്ങളെ തെരുവില്‍ ഇറക്കുകയും ചെയ്തിരിക്കുന്നത്.