അഭിറാം മനോഹർ|
Last Modified തിങ്കള്‍, 10 നവംബര്‍ 2025 (20:29 IST)
ഡല്‍ഹി റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപം നടന്ന സ്‌ഫോടനത്തില്‍ 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് സ്‌ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 2 കാറുകള്‍ ഒരേ സമയം പൊട്ടിത്തെറിക്കുകയും ഇതിന് പിന്നാലെ മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയുമായിരുന്നു. സ്‌ഫോടന കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
ചെങ്കോട്ട മെട്രോസ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തായാണ് കാര്‍ പൊട്ടിത്തെറിച്ചത്. നാലോളം വാഹനങ്ങള്‍ തീപിടിച്ച് പൂര്‍ണമായും തകരുകയും മുപ്പതിലധികം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. മെട്രോസ്റ്റേഷന്‍ പരിസരം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. മേഖലയില്‍ നിന്ന് ജനങ്ങളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധനകള്‍ നടത്തുകയാണ്.