ഒമാന്‍ തീരത്ത് ഇന്ത്യന്‍ കപ്പലിനു നേരെ ആക്രമണം; മുഴുവന്‍ ജീവനക്കാരും ഇന്ത്യക്കാര്‍
ഒമാന്‍ തീരത്ത് ഇന്ത്യന്‍ കപ്പലിനു നേരെ ആക്രമണം. കപ്പലിലെ ജീവനക്കാര്‍ മുഴുവനും ഇന്ത്യക്കാരാണ്. 24 പേരാണ് ഉണ്ടായിരുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നു. ലെബനന്‍ പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ ശ്രമത്തിന് മറുപടിയായി ഇസ്രായേലിന് നേരെ ഇറാന്‍ അതിശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഇതിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ഇസ്രായേല്‍ വന്‍ സ്ഫോടനങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ ടെഹ്റാന്‍, തബ്റീസ്, ഇസ്ഫഹന്‍, കറാജ് എന്നീ നഗരങ്ങളെയാണ് ഇസ്രായേല്‍ ആക്രമിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനികകേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്രായേല്‍ അറിയിച്ചു. ആള്‍നാശത്തെ പറ്റിയോ ആക്രമണം നടന്ന കൃത്യമായ സ്ഥലത്തെയോ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നേരത്തെ പത്തോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തത്. ഇവയെല്ലാം വിജയകരമായി തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും ഇസ്രായേല്‍ വ്യക്തമാക്കി.