അലോഷ്യസ് സേവ്യർ പറഞ്ഞതിൽ കാര്യമില്ലെ?, സതീശൻ്റെ ഭരണത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ ഉള്‍പ്പോരിന് കനം വെപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനുള്ളില്‍ വി ഡി സതീശനെതിരായ അതൃപ്തി പുകയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ ഉള്‍പ്പോരിന് കനം വെപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനുള്ളില്‍ വി ഡി സതീശനെതിരായ അതൃപ്തി പുകയുന്നു. കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ പിന്തുണയും അലോഷ്യസിനുണ്ട്. ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ നിന്നും സതീശന്‍ പുറത്തായതും പിന്നീട് പുതുപ്പള്ളിയിലെ സ്മൃതികുടീരത്തില്‍ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് വരേണ്ടിവന്നതും ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിയുടെ രീതികളില്‍ പല മന്ത്രിമാര്‍ക്കും അതൃപ്തിയുണ്ട്. ഒറ്റയ്ക്ക് മുന്നോട്ട് പോകുന്ന രീതിയാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിട്ടുള്ളത്. പടലപിണക്കങ്ങള്‍ ഒഴിവാക്കികൊണ്ടാണ് കെ മുരളീധരനും മുന്നോട്ട് പോകുന്നത്. അതേസമയം പാര്‍ട്ടിയും സര്‍ക്കാരും 2 വഴിക്കാണെന്ന പ്രതീതി സൃഷ്ടിക്കേണ്ട എന്ന തീരുമാനമാണ് മുസ്ലീം ലീഗിനുള്ളത്. ദേശീയ വിദ്യഭ്യാസ നയത്തെ തുടര്‍ന്നുള്ള ചര്‍ച്ചകളിലും ഇതാണ് പ്രതിഫലിച്ചത്.
ഗവണ്മെന്റ് പ്ലീഡര്‍ നിയമന വിഷയത്തില്‍ കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നാണ് കോണ്‍ഗ്രസില്‍ സംസാരം. എന്നാല്‍ പറയേണ്ട രീതി ഇതായിരുന്നില്ലെന്ന അഭിപ്രായമുണ്ട്. അലോഷ്യസ് പറഞ്ഞതിനെ തള്ളാതെയും പറഞ്ഞ രീതിയെ എടുക്കാന്‍ തയ്യാറാകാതെയുമാണ് എഐസിസി ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ പ്രതികരിച്ചത്. അലോഷ്യസിനെ പിന്തുണച്ചുകൊണ്ട് വി എം സുധീരന്‍ നടത്തിയ പ്രശംസ പാര്‍ട്ടിയിലെ ഉള്‍പ്പോരിനെ കനം വെപ്പിച്ചിട്ടുണ്ട്. നേരത്തെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സതീശനുമായി വി എം സുധീരന്‍ ഇടഞ്ഞിരുന്നു.
കെഎസ്യുവിനെ മുന്‍നിര്‍ത്തി നടക്കുന്നത് ആഭ്യന്തരപ്പോരാണെന്ന് സംശയിക്കുകയാണ് വി ഡി സതീശന്‍ പക്ഷം. പാര്‍ട്ടിക്ക് പരാതി നല്‍കാതെയാണ് അലോഷ്യസ് പരസ്യപ്രതികരണവും പ്രതിഷേധവുമെല്ലാം നടത്തിയത്. ഇത് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം ലക്ഷ്യമിട്ടാണെന്ന് എറണാകുളം കെഎസ്യു ജില്ലാ പ്രസിഡന്റ് കൃഷ്ണലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.