ഇസ്രായേലിൽ വോട്ടെണ്ണൽ തുടരുന്നു, നെതന്യാഹുവിന് മുന്നേറ്റം: തൻ്റെ പിന്തുണയാണ് കാരണമെന്ന് ട്രംപ്
ഇസ്രായേല്‍ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുദ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് മുന്നേറ്റം. ആകെ 42 ശതമാനം വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 57 സീറ്റുകളില്‍ ഭരണപക്ഷ സഖ്യമാണ് മുന്നേറുന്നത്. 47 സീറ്റുകളിലാണ് പ്രതിപക്ഷം മുന്നിലുള്ളത്. ബാക്കി സീറ്റുകളില്‍ അറബ് പാര്‍ട്ടികള്‍ക്കാണ് ലീഡ്.
ആകെയുള്ള 120 സീറ്റുകളില്‍ 61 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുദ് പാര്‍ട്ടി 28 സീറ്റുകളിലാണ് മുന്നേറുന്നത്. പ്രതിപക്ഷസഖ്യത്തെ നയിക്കുന്ന യാഷാര്‍ പാര്‍ട്ടി 21 സീറ്റുകളിലാണ് മുന്നേറുന്നത്. ആര്‍ക്കും തന്നെ വ്യക്തമായ ഭൂരിപക്ഷമുണ്ടാകില്ലെന്നായിരുന്നു നേരത്തെ വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍.
അതേസമയം ഇരുകക്ഷികളും ഒപ്പത്തിനൊപ്പം നില്ക്കുമ്പോള് അറബ് പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമായേക്കാം. എന്നാല്‍ എന്തുവന്നാലും അറബ് പാര്‍ട്ടികളുമായി സഹകരിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി കഴിഞ്ഞു. അതിനിടെ ഇസ്രായേല്‍ തിരെഞ്ഞെടുപ്പിലെ നെതന്യാഹുവിന്റെ മുന്നേറ്റത്തിന് കരുത്ത് നല്‍കിയത് തന്റെ പിന്തുണയാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
