1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel Scaloni to Continue as Argentina Coach

ലക്ഷ്യം 2030 ലോകകപ്പ്; സ്‌കലോണിയോടു തുടരാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരാനും അടുത്ത ലോകകപ്പിനായി പുതിയൊരു ടീമിനെ സജ്ജമാക്കാനും സ്‌കലോണിക്ക് സാധിക്കുമെന്നാണ് എ.എഫ്.എ വിലയിരുത്തൽ

Lionel Scaloni, Argentina coach, Worldcup Final, Coaching Tenure
2030 ഫിഫ ലോകകപ്പ് വരെ അർജന്റീന ഫുട്‌ബോൾ ടീം പരിശീലകനായി ലയണൽ സ്‌കലോണി തുടർന്നേക്കും. സ്‌കലോണിയുടെ കരാർ നീട്ടാൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ തീരുമാനിച്ചു. നിലവിലെ കരാർ അനുസരിച്ച് 2026 ഡിസംബർ വരെയാണ് സ്‌കലോണിയുടെ കാലാവധി. 
 
യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരാനും അടുത്ത ലോകകപ്പിനായി പുതിയൊരു ടീമിനെ സജ്ജമാക്കാനും സ്‌കലോണിക്ക് സാധിക്കുമെന്നാണ് എ.എഫ്.എ വിലയിരുത്തൽ. സ്‌കലോണിയുടെ പരിശീലക മികവിൽ അസോസിയേഷന് യാതൊരു സംശയവുമില്ല. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, ഫൈനലിസിമ, 2022 ലോകകപ്പ് എന്നിങ്ങനെ അർജന്റീനയ്ക്ക് നാല് മേജർ കിരീടങ്ങളാണ് സ്‌കലോണി നേടിക്കൊടുത്തത്. 
 
ലോകകപ്പ് ഫൈനലിൽ സ്‌പെയിനോടു തോറ്റതിനു പിന്നാലെ തന്റെ പരിശീലക ഭാവി എന്തായിരിക്കുമെന്ന കാര്യത്തിൽ സ്‌കലോണി വ്യക്തത വരുത്തിയിരുന്നില്ല. കരാർ ഡിസംബറിൽ അവസാനിക്കുമെന്നും അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി തന്റെ ഭാവിയെ കുറിച്ച് ചർച്ച നടത്തുമെന്നും മാത്രമാണ് സ്‌കലോണി പറഞ്ഞിരുന്നത്. 
 
2018 ലാണ് സ്‌കലോണി അർജന്റീന പരിശീലകനായത്. 28 വർഷമായി മേജർ കിരീടമില്ലെന്ന ദുഷ്‌പേര് അർജന്റീനയ്ക്കു മാറ്റിക്കൊടുക്കുകയും 36 വർഷത്തിനു ശേഷം ടീമിനെ ലോകകിരീടത്തിലെത്തിക്കുകയും ചെയ്തു. ഫിഫ റാങ്കിങ്ങിലും അർജന്റീന ഒന്നാം സ്ഥാനക്കാരായിരുന്നു. സ്‌കലോണിക്ക് കീഴിൽ കളിച്ച 80 ശതമാനത്തോളം കളിയിലും അർജന്റീനയ്ക്ക് ജയിക്കാൻ സാധിച്ചിട്ടുണ്ട്.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക