ഇതിലും നല്ല ചാൻസ് എങ്ങനെ കിട്ടും? ഗോളടിക്കാൻ മറന്ന് റൊണാൾഡോ, സഹതാരം കലിപ്പിൽ
കോംഗോയ്‌ക്കെതിരായ മത്സരത്തിൽ ഏറ്റവും മോശം പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്
Christiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം പ്രകടനത്തിൽ പോർച്ചുഗൽ ആരാധകർക്കു നിരാശ. ടീമിനുള്ളിൽ റൊണാൾഡോ ഒറ്റപ്പെടുമ്പോൾ ലോകകപ്പിൽ പോർച്ചുഗലിന്റെ മുന്നോട്ടുള്ള യാത്ര എങ്ങനെയായിരിക്കുമെന്നത് ആശങ്കയിലാണ്.
കോംഗോയ്‌ക്കെതിരായ മത്സരത്തിൽ ഏറ്റവും മോശം പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്. മുഴുവൻ സമയവും കളത്തിലുണ്ടായിരുന്ന റൊണാൾഡോയ്ക്കു മൂന്ന് ഷോട്ടുകൾ മാത്രമാണുള്ളത്. രണ്ടേ രണ്ട് മുന്നേറ്റ ശ്രമങ്ങളും, ഒരു ബോൾ റിക്കവറിയും ! എല്ലാ അർത്ഥത്തിലും പോർച്ചുഗൽ നിരയിലെ ഏറ്റവും മോശം പ്രകടനം.
ഗോളടിക്കാൻ ലഭിച്ച സുവർണാവസരങ്ങൾ പോലും താരം പാഴാക്കി. ഫ്രാൻസിസ്‌കോ കോൺസിസാവോ നൽകിയ ഉഗ്രൻ പാസിൽ നിന്ന് ഗോളടിക്കാൻ 68-ാം മിനിറ്റിൽ റൊണാൾഡോയ്ക്കു അവസരം ലഭിച്ചിരുന്നു. എന്നാൽ പന്ത് പുറത്തേക്ക് അടിച്ചുകളയുകയാണ് റോണോ ചെയ്തത്. റൊണാൾഡോ കളിക്കളത്തിൽ ഉണ്ടോ എന്ന് പോലും തോന്നിപ്പിക്കാത്ത വിധമുള്ള പ്രകടനമെന്നാണ് ആരാധകർ പോലും പരിഹസിക്കുന്നത്.
2022 ലോകകപ്പിൽ ഘാനയ്‌ക്കെതിരെ പെനാൽറ്റി ഗോൾ നേടിയ ശേഷം പോർച്ചുഗലിനായി ലോകകപ്പിലും യൂറോപ്യൻ ചാംപ്യൻഷിപ്പിലുമായി പത്ത് കളികൾ റൊണാൾഡോ കളിച്ചു. ഇതിലൊന്നും ഒരു ഗോൾ പോലും സ്‌കോർ ചെയ്തിട്ടില്ല. റൊണാൾഡോ കളിക്കുമ്പോൾ പോർച്ചുഗൽ ടീമിന്റെ ഗോൾ ശരാശരി 1.9 ആണ്. എന്നാൽ റൊണാൾഡോ കളിക്കാത്തപ്പോൾ അത് 2.8 ആയി ഉയരുന്നു. റൊണാൾഡോ ടീമിനു ഭാരമാണെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.