വീര്യം കൂടുന്ന വീഞ്ഞ്, ക്ലോസെയും 'ക്ലോസാകും'; മൈതാനത്ത് ആനന്ദ കണ്ണീർ
മെസിയുടെ 200-ാം രാജ്യാന്തര മത്സരമാണ് ഇന്ന് നടന്നത്. അർജന്റീനയ്ക്കു വേണ്ടി നേടിയ ഗോളുകളുടെ എണ്ണം 120 ആയി
Lionel Messi
പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന വീഞ്ഞാണ് ലയണൽ മെസി. തന്റെ ആറാം ലോകകപ്പിനു ബൂട്ടണിഞ്ഞ മെസി ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്കുമായി തിളങ്ങി. അൽജീരിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം.
മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് അർജന്റീനയ്ക്കായി മെസി ആദ്യ ഗോൾ നേടിയത്. റോഡ്രിഗോ ഡി പോളിന്റെ ഉഗ്രൻ പാസിൽ നിന്ന് അതിനേക്കാൾ ഉഗ്രൻ ഷോട്ടിലൂടെ മനോഹരമായ ഒരു ഗോൾ. ഇതോടെ താൻ കളിച്ച ആറ് ലോകകപ്പുകളിൽ അഞ്ചിലും സ്‌കോർ ചെയ്യുന്ന താരമെന്ന നേട്ടം മെസി കൈവരിച്ചു. 2006 മുതൽ 2026 വരെയുള്ള ലോകകപ്പുകളിൽ 2010 ൽ മാത്രമാണ് മെസി ഗോൾ സ്‌കോർ ചെയ്യാത്തത്.
ആദ്യ ഗോളിനു ശേഷം മെസിയെ ഏറെ വൈകാരികമായാണ് കണ്ടത്. ഒരു ലോകകപ്പിൽ കൂടി സ്‌കോർ ചെയ്യാൻ സാധിച്ചതിന്റെ ആനന്ദ കണ്ണീരും മെസി പൊഴിച്ചു. അവസാന ലോകകപ്പിൽ ഗോൾ നേടാൻ ഭാഗ്യം ലഭിച്ചതിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി മെസി നന്ദി പറഞ്ഞു.
60-ാം മിനിറ്റിലും 76-ാം മിനിറ്റിലുമായിരുന്നു മെസിയുടെ മറ്റു ഗോളുകൾ. ലോകകപ്പിലെ മെസിയുടെ ആദ്യ ഹാട്രിക് പിറന്നതിനൊപ്പം മറ്റൊരു റെക്കോർഡിലും താരം മുത്തമിട്ടു. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടത്തിൽ ജർമനിയുടെ മുൻതാരം മിറോസ്ലാവ് ക്ലോസയ്‌ക്കൊപ്പം ! മെസിയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം 16 ആയി, ക്ലോസയ്ക്കും 16 ഗോളുകളുണ്ട്.
മെസിയുടെ 200-ാം രാജ്യാന്തര മത്സരമാണ് ഇന്ന് നടന്നത്. അർജന്റീനയ്ക്കു വേണ്ടി നേടിയ ഗോളുകളുടെ എണ്ണം 120 ആയി. മാത്രമല്ല മെസിയുടെ ലോകകപ്പ് അരങ്ങേറ്റത്തിന്റെ 20-ാം വാർഷികം കൂടിയായിരുന്നു ഇന്നലെ. 2006 ജൂൺ 16 സെർബിയയ്‌ക്കെതിരെയായിരുന്നു മെസിയുടെ ആദ്യ ലോകകപ്പ് മത്സരം. അന്ന് മെസി ഒരു ഗോൾ ടീമിനായി നേടി.