FIFA World Cup 2026: കാനഡ - ബോസ്‌നിയ മത്സരം സമനിലയിൽ
മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിലൂടെയാണ് ബോസ്‌നിയയുടെ ഗോൾ പിറന്നത്
FIFA World Cup 2026: ആതിഥേയ രാജ്യങ്ങളിൽ ഒന്നായ കാനഡയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനില. ബോസ്‌നിയയെയാണ് കാനഡ സമനിലയിൽ തളച്ചത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമാണ് കാനഡയുടെ തിരിച്ചുവരവ്.
മത്സരത്തിന്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിലൂടെയാണ് ബോസ്‌നിയയുടെ ഗോൾ പിറന്നത്. ബോൾ പൊസഷനിൽ മുന്നിട്ടുനിന്നിട്ടും കാനഡയ്ക്കു ആദ്യ പകുതിയിൽ സ്‌കോർ ചെയ്യാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് സെയ്‌ലി ലാറിനിലൂടെ കാനഡയുടെ മറുപടി ഗോൾ എത്തിയത്.
ലോകകപ്പിൽ ആദ്യമായാണ് കാനഡ ഒരു മത്സരത്തിൽ തോൽവി അറിയാതെ പോയിന്റ് സ്വന്തമാക്കുന്നത്. 1986 ലെയും 2022 ലെയും ലോകകപ്പുകളിൽ കളിച്ച കാനഡ ആ വർഷങ്ങളിലെ എല്ലാ കളിയും തോറ്റിരുന്നു.