Argentina vs Egypt: അത് ഫൗൾ തന്നെ; ഈജിപ്തിന്റെ ഗോൾ അനുവദിക്കാത്തത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ
മത്സരത്തിന്റെ 57-ാം മിനിറ്റിലാണ് ഈ സംഭവം. മൊസ്തഫ സീക്കോ കൗണ്ടർ അറ്റാക്കിലൂടെ നേടിയ ഗോളാണ് റഫറി അനുവദിക്കാതിരുന്നത്
Argentina vs Egypt Match
Argentina vs Egypt: ഈജിപ്തിനെതിരായ മത്സരത്തിൽ രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷമാണ് അർജന്റീനയുടെ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ്. പിന്നീട് 15 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ സ്‌കോർ ചെയ്ത് മെസിയും സംഘവും മത്സരം വിജയിക്കുകയും ചെയ്തു. അതേസമയം മത്സരത്തിനിടെ ഈജിപ്ത് സ്‌കോർ ചെയ്ത ഒരു ഗോൾ ഫൗളിനെ തുടർന്ന് അനുവദിക്കാതിരുന്നതാണ് ഇപ്പോൾ ചർച്ചാവിഷയം.
മത്സരത്തിന്റെ 57-ാം മിനിറ്റിലാണ് ഈ സംഭവം. മൊസ്തഫ സീക്കോ കൗണ്ടർ അറ്റാക്കിലൂടെ നേടിയ ഗോളാണ് റഫറി അനുവദിക്കാതിരുന്നത്. ഈജിപ്ത് താരം മർവാൻ അത്തിയ അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾ ചെയ്തതിലൂടെയാണ് കൗണ്ടർ അറ്റാക്ക് ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഗോളിനു ശേഷം ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഫൗൾ നടന്നതായി ബോധ്യപ്പെടുകയും ഗോൾ പിൻവലിക്കുകയുമായിരുന്നു.
ദൃശ്യങ്ങളിൽ നിന്ന് ഇത് ഫൗൾ ആണെന്ന് വ്യക്തമാണ്. ഈജിപ്ത് താരം അത്തിയ ബോൾ വിൻ ചെയ്യുന്നതിനു മുൻപ് അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനെസിന്റെ കാലിൽ ചവിട്ടുന്നത് കാണാം. ഈ സമയത്ത് ബോൾ പൊസഷൻ കൃത്യമായി മാർട്ടിനെസിലാണ്. ഫൗളിനു ശേഷമാണ് മാർട്ടിനെസിനു ബോൾ പൊസഷൻ നഷ്ടമാകുന്നതും കൗണ്ടർ അറ്റാക്കിലൂടെ പന്ത് സീക്കോയിലേക്ക് എത്തുന്നതും. അപകടകരമായ ഇന്റർസെപ്ഷൻ നടന്നിട്ടുണ്ടെന്ന ബോധ്യത്തിലാണ് വാറിന്റെ (VAR) സഹായം തേടുന്നത്. ഈ ദൃശ്യങ്ങളിൽ ഫൗൾ വ്യക്തവുമാണ്.
ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ നിയമവും ഫിഫ വാർ പ്രോട്ടോകോളും പ്രകാരം ഓരോ ഗോളുകൾക്കു ശേഷവും അറ്റാക്കിങ് പൊസഷൻ ഫേസ് (AAP) ചെക്ക് ചെയ്യണം. നിയമം 12 പ്രകാരം ബോൾ വിൻ ചെയ്യുന്ന സമയത്ത് എതിർ ടീമിലെ കളിക്കാരന്റെ കാലിൽ ചവിട്ടിയാൽ അത് ഫൗൾ ആണ്. അശ്രദ്ധമായ ചലഞ്ച് എന്ന നിലയിൽ ആ ചലഞ്ചിനു ശേഷമുണ്ടായ മുന്നേറ്റങ്ങളെയെല്ലാം അസാധുവാക്കാൻ സാധിക്കും. ഈജിപ്ത് പ്ലെയറിലേക്ക് ബോൾ പൊസഷൻ വരാനുള്ള കാരണം ഫൗളിലൂടെയായതിനാൽ അതിനുശേഷമുള്ള ഗോൾ അനുവദിക്കില്ല.